Thursday, January 26, 2012

വര്‍ഷങ്ങള്‍ക്കുമുമ്പെ

വര്‍ഷങ്ങള്‍ക്കുമുമ്പെ ഞാന്‍ എവിടെയായിരുന്നു. 
ഇനി വര്‍ഷങ്ങള്‍ക്കുശേഷവും. 
കാലത്തിന്റെ പൊന്‍ചരടില്‍ കോര്‍ത്ത മുത്തുമണികള്‍ 
മാത്രമല്ലേ നമ്മളില്‍ ഓരോരുത്തരും. നമ്മുക്ക് മുമ്പെ നടന്നവര്‍ 
എത്രയെത്ര പേരാണ് കാലം തീര്‍ത്ത യവനികയ്ക്കുള്ളിലേക്ക് 
മറഞ്ഞുപോയിരിക്കുന്നത്. എന്നിട്ടും വീണ്ടും വീണ്ടും ജന്മവും 
ജീവിതവും അല്ലലില്ലാതെ അലട്ടലില്ലാതെ ദിനരാത്രങ്ങളെ പുല്‍കിയമരുന്നു. 
പൊന്‍ചരടായി കാലം നീണ്ടുപോകുകയാണ്. ഒരിക്കലും അവസാനിക്കാതെ. 
എന്നാല്‍ ഒരിക്കല്‍ അവസാനിക്കില്ലേ. 
ഈ കാലത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ജീവനുകള്‍. 
ഭൂമി മറ്റൊരു ഗോളം പോലെ പൊടിപ്പിച്ച് മണ്ണായി മാത്രം. 
ആരുമില്ലാതെ, ഒച്ചയോ അനക്കമോ ഇല്ലാതെ. 

മനുഷ്യന്‍ എത്രവേഗമാണ് ഇഴുകിച്ചേരുന്നത്. 
അഴുകുന്നതിന്റെ സുഖമാണത്. മറ്റുള്ളവരിലേക്ക്
സ്വന്തം അസ്തിത്വത്തെ ഇഴുകി അഴുക്കിചേര്‍ക്കുക.
മറ്റുള്ളവരില്‍ തങ്ങളുടെ വ്യക്തിത്വത്തെ ദര്‍ശിക്കുകയാണ് 
ചെയ്യുന്നത്. അങ്ങനെ അയാളുമായി സംസര്‍ഗം സ്ഥാപിക്കുന്നു. 
പരസ്പരം പുഞ്ചിരിക്കുകയും സംസാരിക്കുകയും ചെയ്യുക. 
കൈകള്‍ കോര്‍ത്ത് ചങ്ങലയിലെ കണ്ണികളായി ഇണങ്ങിച്ചേരുന്നു. 
അവര്‍ക്ക് ചിരിക്കാതിരിക്കാനും, സംസാരിക്കാതിരിക്കാനും, 
കൈകള്‍ ഇണയ്ക്കാതിരിക്കാനും കഴിയില്ല. 
പരസ്പരബന്ധിതമാണ് ഓരോരുത്തരും. 
എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. 
യാതൊന്നു ചെയ്യാതിരിക്കാനാന്‍ കഴിയില്ല. 
അതിനാണ് പ്രയാസം. മൗനത്തിന്റെ വ്യാളിമുഖം അവരെ 
അസ്വസ്തരാക്കും. ശരീരത്തിന്റെ വളര്‍ച്ചയില്‍ ഈ ബന്ധനവും 
വളര്‍ന്നുവലുതാകും. പുഞ്ചിരി പൊട്ടിച്ചിരിയിലും പിന്നെ അട്ടഹാസത്തിലും 
അവസാനിക്കും. സംസാരം പുലമ്പലായും ബന്ധങ്ങള്‍ അഴിയാക്കുരുക്കായി 
ശരീരത്തെയും മനസ്സിനെയും ജീവിതത്തെയും മരണത്തേയും 
കെട്ടിവരിയും. ആര്‍ക്കും ഒരിക്കലും സ്വതന്ത്രരാവാന്‍ കഴിയുന്നില്ല. 
സ്വയം തീര്‍ത്ത ബന്ധനത്തില്‍പ്പെട്ട് ഉഴലുക. തല വാലിനെ 
വിഴുങ്ങുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടാവുന്നത്. 
വാലിനെ വിഴുങ്ങി ഉടലുംകടന്ന് അവസാനം തലയെത്തന്നെയും 
തലവിഴുങ്ങും. സ്വയം അടര്‍ന്നുവിഴുന്നവരായി മാറുകയാണ് 
ഓരോരുത്തരും. ശൂന്യതമാത്രം ബാക്കിയാകുന്നു. 
ഒരു പുക, ഒരു ചൂട്, പിന്നെ ഒരു സ്പര്‍ശം. 
നിസ്സംഗതയുടെ നിത്യമായ നിഴലുപോലെ.

No comments:

Post a Comment