Tuesday, January 17, 2012

നിത്യവസന്തം


വസന്തം വന്നുമറഞ്ഞാലും 
മറക്കുമോ മന്ദസ്മിതംതൂകി
പുഷ്പവാടിയില്‍ വിരിഞ്ഞ
പൂക്കള്‍ത്തന്‍ സൗരഭ്യം
ബാല്യം നടന്നുകയറിയ
സമതലവും കുന്നുംമേടും
കുളിര്‍ക്കാറ്റ് പകര്‍ന്ന
പൂമെത്ത പാകിയ
വഴികളില്‍ തങ്ങിയുംതാണ്ടിയും
കൗമാരമോ അതികഠിനമാം
ഉയര്‍ന്നുക്കിടക്കും സാനുക്കള്‍
നിരനിരയായി മലനിരകള്‍
ചിന്തകള്‍ കലുഷവും
ആരോഹണാവരോഹണം
യൗവനം നിത്യവസന്തം
വാടാമലരുകളാല്‍ സമൃദ്ധം
ഭൂമിയോളം ഭാവനയും
ആകാശംപോല്‍ ആഗ്രഹം
സ്വര്‍ഗംകാണും സ്വപ്‌നങ്ങള്‍ 
കാലുകള്‍ക്ക് ദ്രുതഗതി
ചലനങ്ങള്‍ക്ക് വായുവേഗം
അനുഭൂതികളുടെ തിരയിളക്കം
ലോകം കാല്‍ക്കീഴിലായി
സുഖാനന്ദത്തില്‍ മതിമറന്ന്
പിന്നെയേതോ യാമത്തില്‍
അഗാധതയില്‍ ഞെട്ടിയുണരും
വാര്‍ദ്ധക്യം ദുരിതപൂര്‍ണം
ദൂരവും വഴികളും
ഒരിക്കലും അവസാനമില്ലാതെ
കാലുകള്‍ പിച്ചവച്ചു
തപ്പിയും നപ്പിയും
ഗതകാലമധുരമാം 
സ്മരണകള്‍ അയവിറക്കി
വേദനാജനകം ഈയാത്ര
അവസാനയാത്രയാം
മന്ദഗതി; മരണഗതി
ഗര്‍ത്തങ്ങളും മലനിരകളും
പിന്നിട്ട സമതലമാംഭൂവ്
നിശ്ചലം നിത്യം സ്ഥിതി
സമ്പൂര്‍ണ സുഷുപ്തി
അനന്തമാം അനശ്വരാനുഭൂതി

No comments:

Post a Comment