Friday, January 20, 2012

സ്വാതന്ത്ര്യം

ഒരിക്കലും തിരിച്ചറിയപ്പെടാത്ത ഒരു സംജ്ഞയാണ് സ്വാതന്ത്ര്യം എന്ന വാക്ക്. 
എന്താണ് സ്വാതന്ത്ര്യം എന്നോ അത് എവിടെ നിന്ന് ലഭിക്കുമെന്നോ എന്നൊന്നും 
നിശ്ചയമില്ല. ആരും അവരുടെ സ്വാതന്ത്ര്യത്തെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. 
ഒരാള്‍ പൂര്‍ണസ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും അസ്വാതന്ത്ര്യത്തിന്റെ പിളര്‍ന്ന 
വായ്ക്കകത്താണെന്ന മൃഥ്യാ ധാരണയില്‍ കഴിഞ്ഞുപോകുന്നവരും ഉണ്ട്. 
നമ്മുടെ ഉള്ളംകയ്യില്‍ വച്ചിരിക്കുന്ന സാധനത്തെ കാണുകയോ അറിയുകയോ 
ചെയ്യാതെ അസംബന്ധത്തിന്റെ അടഞ്ഞവഴിയിലൂടെ മുന്നോട്ടും പിന്നോട്ടും 
നിന്നുതിരിയുന്ന അവസ്ഥയാണുണ്ടാവുക. 

ജനിച്ചുവീഴുന്ന ഒരാള്‍ സത്യമായിട്ടും സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായുവിലാണ് 
പിറവി കൊള്ളുന്നത്. തന്റെ മുന്നില്‍ പരന്നുകിടക്കുന്ന വിശാലമായ 
ഭൂമിയെ/പ്രകൃതിയെയോ, തലയ്ക്കുമുകളിലെ അനന്തമായ നീലാകാശത്തെയോ 
സ്വയം മറക്കുകയും ചെയ്യുന്നു. മനുഷ്യബന്ധങ്ങളുടെ നൂലാമാലയിലാണ്,
പട്ടുനൂല്‍ പുഴുക്കളെപ്പോലെ മനുഷ്യജന്മം പാഴാകുന്നത്. ബന്ധങ്ങളുടെ പേലില്‍ 
നാലുചുവരുകള്‍ക്കകത്ത് കടപ്പാടിന്റെ മൂടുപടവുമണിഞ്ഞ് ഒതുങ്ങിക്കൂടുന്നു.

ഒരാളുടെ ആയുസ്സില്‍ അയാള്‍ അറിയാതെ അനുഭവിക്കാതെ പോകുന്ന 
അറിവുകളും കാഴ്ചകളും അനുഭവങ്ങളും അയാള്‍ക്ക് എന്നെന്നേയ്ക്കുമായി 
നഷ്ടപ്പെടുകയാണ് ഫലം. 

നമ്മള്‍ സ്വയം തീര്‍ക്കുന്നതും പാരമ്പര്യമായി/അബോധമായി കൈമാറപ്പെടുന്ന 
വ്യക്തിബന്ധങ്ങളുടെ വന്‍മതില്‍ തകര്‍ക്കുകയാണ് വേണ്ടത്. 
പാരമ്പര്യമായി മനുഷ്യന്‍ കുടുംബബന്ധങ്ങളിലും സാമൂഹ്യചുറ്റുപാടുകളുടെ 
സമ്മര്‍ദ്ദത്തിലും സമ്പ്രദായങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. 
ഈ ആധുനീകകാലഘട്ടത്തില്‍ പ്രത്യേകിച്ച് സമൂഹക്രമത്തെ വഴിത്തിരിക്കുന്ന 
അധികാരസ്ഥാപനങ്ങളും മനുഷ്യനെ അനാവശ്യമായ ചങ്ങലകളില്‍ 
കോര്‍ത്തിണക്കുന്നു. ഇവയൊന്നും കൂടാതെ അവരവര്‍ത്തന്നെ സ്വയം 
കുഴി തോണ്ടുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. സ്വന്തം കഴുത്തിനെ 
മുറിക്കുവലിക്കുന്ന മുന്‍വിധികളുടെ കോട്ടകൊത്തളങ്ങള്‍ സ്വയം തന്നെ 
തച്ചുടക്കേണ്ടിയിരിക്കുന്നു. വളഞ്ഞതും ഇടുങ്ങിയതുമായ ശീലങ്ങളില്‍പ്പെട്ടുഴലുന്ന 
ജീവിതങ്ങള്‍ അനവധിയാണ്. ഈ അവസ്ഥ ഒരുപോലെ ഭീകരവും ഭീതിതവുമാണ്. 
ഇവയില്‍ നിന്നുള്ള മോചനമാണ് പൂര്‍ണസ്വാതന്ത്ര്യം. സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും 
മാര്‍ഗം ഋജുവും ലളിതവുമാണ്. ശരിയായ മാര്‍ഗം തെരഞ്ഞെടുക്കലാണ് പ്രധാനം.

സമൂഹത്തില്‍ നിന്നും കുടുംബബന്ധങ്ങളില്‍ നിന്നും പിന്നീട് സ്വന്തം 
അസ്തിത്വത്തില്‍ നിന്നും സ്വാതന്ത്ര്യം നേടേണ്ടിയിരിക്കുന്നു. 
അതിന് സ്വതന്ത്രതയുടെ സ്വാതന്ത്ര്യത്തെ തിരിച്ചറിയണം. 
സ്വാതന്ത്ര്യദാഹത്തെ കൂടുതല്‍ കൂടുതല്‍ അടിമത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 
സൃഷ്ടിപ്രാപിക്കുമ്പോള്‍ മാതാവിന്റെ ഗര്‍ഭപാത്രത്തിലെ ഇടുങ്ങിയ,
ശ്വാസംമുട്ടുന്ന സാഹചര്യത്തില്‍ നിന്നുള്ള വിടുതലാണ് ഉണ്ടാകുന്നത്. 
എന്നാല്‍ മാതൃത്വത്തിന്റെ മധുരനുകരാനുള്ള ആവേശത്തില്‍ വീണ്ടും 
അടിമത്വത്തിലേക്കുള്ള തിരിച്ചുപൊക്കാണ് നടക്കുന്നത്. 
മാതൃത്വത്തിലേക്കുള്ള അഭയം. 
അടിമത്വത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുക. 
രക്ഷകര്‍ത്തൃത്വത്തിന്റെ ഛായയില്‍ സുഖകരമായ ഒരു സ്വാതന്ത്ര്യം അനുഭവിക്കുന്നു. 
എന്നാല്‍ അത് സ്വയം കീഴ്‌പ്പെടുന്നതിന്റെ വിധേയത്വത്തിന്റെ സുഖമാണ്. 
വിനീതവിധേയനെപ്പോലെ.

നമ്മുടെ ചൈതന്യത്തെ കെടുത്തിയ ചാരത്തില്‍ നിന്നുള്ള 
ആര്‍ദ്രതയെയാണ് പുല്‍കുന്നത്. സ്വന്തം ചൈതന്യത്തെ പ്രകാശിപ്പിക്കുന്നതില്‍ 
നിന്നുള്ള ജ്വലനത്തിലല്ല; മറിച്ച് അതിന്റെ ഭസ്മാവസ്ഥയിലാണ് സുഖം അനുഭവിക്കുന്നത്. 
ഇവിടെയാണ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അജ്ഞത വെളിവാക്കപ്പെടുന്നത്. 
നഷ്ടപ്പെടുന്ന തിരിച്ചറിവുകള്‍. 
പരിപൂര്‍ണ്ണമായ സംതൃപ്തി, സ്വാതന്ത്ര്യം സ്വന്തം ആത്മാവിന്റെ 
പ്രകാശനത്തിലൂടെ മാത്രമാണ്.

മനുഷ്യന്റെ ബാഹ്യമായ സ്വാതന്ത്ര്യം അവന്റെ ഇരുകൈകളിലൂടെയും 
ഇരുകാലുകളിലൂടെയും പഞ്ചേന്ദ്രിയങ്ങളുടെ സഹായത്താലും 
പൂര്‍ണമാവുകയാണ്. ആന്തരീകമായ സ്വാതന്ത്ര്യം മനസ്സിന്റെ/ആത്മാവിന്റെ 
സ്വയം പ്രകാശനത്തിലൂടെയും പൂര്‍ണമാക്കപ്പെടും. സ്വയം പ്രകാശനമെന്നാല്‍ 
ജീവന്റെ സ്വതന്ത്രതയെ അറിയുകയും ആ അറിവിന്റെ അനുഭവത്തില്‍ നിന്ന് 
ബ്രഹ്മത്തെ അറിയുകയും ചെയ്യുക. അങ്ങനെ യഥാര്‍ത്ഥമായ അറിവിന്റെ 
അടിസ്ഥാനത്തില്‍ സ്വയം സൃഷ്ടി നടത്തുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ 
സമ്പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. 

ഒരു മനുഷ്യന്റെ കാലയളവ് ജനനം മുതല്‍ മരണം വരെയുള്ള ദൂരമാണ്. 
അതായത് ഈ അഖിലാണ്ഡത്തില്‍ മനുഷ്യന്‍ ദൂരത്തിലും വലുപ്പത്തിലും 
ഒരു ബിന്ദുവിന്റെ കോടാനുകോടിയില്‍ ഒരു അംശമാത്രമാണ്. 
ആദിമധ്യാന്തമില്ലാത്ത കാലത്തില്‍ അവന്റെ സ്ഥാനം ശൂന്യമാണ്.

No comments:

Post a Comment