Saturday, January 14, 2012

അഴിമതിക്കെതിരെ


"അണ്ണാ ഹസാരെ തിഹാര്‍ ജയിലില്‍ നിരാഹാരം തുടരുന്നു. അദ്ദേഹത്തെ ഉപാധികളോടെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഉപാധികളോടെയുള്ള മോചനം വേണ്ടെന്ന നിലപാടാണ് ഹസാരെ സ്വീകരിച്ചത്. ഹസാരെയുടെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്താകെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്......" 
നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുക. അഴിമതിക്കെതിരെ രാജ്യത്തിന്റെ കാവലാള്‍ ആകുക...........
ഭരണാധികാരികള്‍ എന്തിന് അഴിമതിക്കെതിരെയുള്ള സമരത്തെ ഭയക്കണം. ബ്രീട്ടീഷുകാര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ എതിര്‍ത്തെതുപോലെയാണ് ഇന്ന് രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തെ മുരടിപ്പിക്കുന്ന അഴിമതി വിരുദ്ധ സമരത്തെ ഭീഷണിപ്പെടുത്തിയും ഭരണകൂട ഉപകരണങ്ങള്‍ ഉപയോഗിച്ചും തോല്പിക്കാന്‍ ശ്രമിക്കുകയാണ്. 

മന്‍മോഹന്‍സിംഗ് അഴിമതിക്കെതിരെ പ്രസംഗിക്കുകയും അഴിമതിക്കെതിരെയുള്ള സമരത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങിനിവരുന്ന ഇന്നുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അവരുടെ സര്‍ക്കാറിനും എങ്ങനെ അഴിമതിക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെയാണ് ജനങ്ങളുടെ പ്രതിഷേധം അണ്ണാ ഹസാരെയിലൂടെ ഒരു കൊടുങ്കാറ്റായി ദല്‍ഹിയില്‍ ആഞ്ഞുവീശുന്നത്. ഈ അഴിമതി വിരുദ്ധ സമരത്തില്‍ സര്‍ക്കാര്‍ ആടിയുലഞ്ഞ് നിലംപതിക്കുമെന്ന ഭയമാണ് ചിദംബരത്തെയും മന്‍മോഹന്‍സിംഗിനേയും കോണ്‍ഗ്രസിനെയും ഗ്രസിച്ചിരിക്കുന്നത്. 

അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപടുക്കേണ്ട ഒരു സാഹചര്യമാണ് ഇന്ന് സംജാതമായിരിക്കുന്നത്. ഈ അവസരത്തെ ജനങ്ങള്‍ ശക്തമായി ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഗാന്ധിജിയ്ക്കുശേഷം അഹിംസ എന്ന മന്ത്രം പോലെ അഴിമതിവിരുദ്ധ മന്ത്രം രാജ്യത്ത് അങ്ങോളമിങ്ങോളം അലയടിക്കാന്‍ ഹസാരെയുടെ സമരത്തിന് കഴിയുന്നു. എന്തുകൊണ്ടെന്നാല്‍ ജനങ്ങളുടെ മനസ്സില്‍ അഴിമതിക്കെതിരെയുള്ള പ്രതിഷേധം പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഹസാരെ കൊളുത്തിയ തീപ്പൊരി ഇനി ആളിക്കത്തുകയേ വേണ്ടൂ. 

കോര്‍ക്കുക കൈകള്‍ ഒരു അഴിമതി രഹിതമായ ഭാരതത്തിന്റെ പുനര്‍ജനിക്കായ്. ഒരു നല്ല റോഡിനുവേണ്ടി, ആശുപത്രിക്കുവേണ്ടി, വിദ്യാലയത്തിനുവേണ്ടി, വസ്ത്രം, പാര്‍പ്പിടം, എല്ലാറ്റിനുമുപരി മായം കലരാത്ത, രാസവളപ്രയോഗമില്ലാത്ത സംശുദ്ധമായ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി........

ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങള്‍ നിയന്ത്രിക്കുന്ന, ജനങ്ങളാല്‍ നടത്തപ്പെടുന്ന ഒരു സര്‍ക്കാറിനുവേണ്ടി....

അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ഒരു കൈത്തെറ്റുപോലെ ലഭിക്കുന്ന ഭൂരിപക്ഷം ഉപയോഗിച്ച് അഞ്ചുവര്‍ഷവും എന്തുമാകാം എന്ന ധാര്‍ഷ്ട്യം വച്ചു പുലര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവര്‍ നയിക്കുന്ന സര്‍ക്കാറിനുമുള്ള ഒരു താക്കീത്താണ് ഈ സമരകാഹളം.

No comments:

Post a Comment