Tuesday, April 23, 2013

സ്ത്രീയനാഥ

സ്ത്രീ മനോജ്ഞമാം
പ്രകൃതി ചൈതന്യം
ഭാവനായാഥാര്‍ത്ഥ്യം
സ്വപ്‌നസാഫല്യം
മധുരാനുഭവം
അനുഭവാനുഭൂതി
സ്വരമായുണരുമാശബ്ദം 
പാലാഴികടഞ്ഞൊരാപുഞ്ചിരി 
അലസമാംപാദചലനം

അവളുടെ വേദന
പ്രകൃതിയുടെ മുറിവ്
കണ്ണുനീര്‍ മഴയായ്
സുനാമിതന്‍ രൗദ്രമായ്
ആദിപാപത്തിന്‍-
നന്ത്യവേദനപോല്‍

സ്ത്രീയും പ്രകൃതിയും
ഇരയായൊടുങ്ങും
അവള്‍ സൃഷ്ടിച്ചവര്‍ത്തന്നെ
യവളെയപഹരിക്കും:
സ്വത്വവും ചേതനയും.
അവളുടെ ഹൃദയത്തില്‍
നിന്നും ഒലിച്ചിറങ്ങുന്ന
വേദനയുടെ നിലവിളി,
കണ്ണില്‍ നിന്നടരുന്ന
കണ്ണുനീര്‍ത്തുള്ളിതന്‍
ചുടുസ്പര്‍ശമറിയാതെ,
അവളുടെ ആത്മാവിന്‍
നിശ്ശബ്ദരോദനം ശ്രവിക്കാതെ-

ഹേ മനുഷ്യാ, നിന്‍
ബലിഷ്ഠമാം കരങ്ങളാല്‍,
കൂര്‍ത്ത ദ്രംഷ്ടയാല്‍,
പിച്ചിചീന്തിയുടയ്ക്കാതെ.
അവളറിയാതെയുടപ്പിറന്നോള്‍
നിന്‍ കൈകളില്‍ സുരക്ഷിത
യാണവളെന്നയുറപ്പിന്
ഉപ്പുചാക്കിനോളമോ-
യുറപ്പില്ലാതെയലിഞ്ഞുപോം

ആരെവിശ്വസിപ്പാന്‍
ആരെയാശ്രയിപ്പാന്‍
മനുഷ്യനോ മൃഗമോ?
രണ്ടുകാലില്‍ നടക്കുവോള്‍
നാലുകാലിയെ പ്രാപിക്കുമോ?
മൃഗത്തെക്കാളധ:പതിക്കും
മനുഷ്യകോലരൂപങ്ങള്‍
അമ്മയെ മറന്നവന്‍
പെങ്ങളെ അറിയാത്തവന്‍.
ഭാര്യയെ ഉപേക്ഷിച്ച-
പരയെ പ്രാപിക്കാന്‍ 
തെണ്ടിയലയുവന്‍:
അന്ധകാരതെരുവിലും
അന്തപ്പുരത്തളത്തിലും

അവളനാഥയാം ജന്മം
സഹിക്കാന്‍ ത്യജിക്കാന്‍
പിറവിയെടുത്തവള്‍
ഉറ്റവരും ഒടവയവരും
ഉപേക്ഷിച്ചവളനാഥ
പാര്‍ശ്വവല്‍ക്കൃതം-
ജല്പനം; ശകാരവര്‍ഷം.
ഊരണം; ഉരിയണം
പുത്തനുടുപ്പിനും.
പുത്തന്‍നോട്ടിനും,

തല്ല്, ഒടിവ്, ചതവ്
വെള്ളം, ഗ്യാസ്, കയര്‍
വാക്കത്തി, പീച്ചാത്തി, മഴു
ആത്മഹത്യ; കൊലപാതകം?
അനാഥമാംശവത്തിന്‍ ജീവഗാഥ
വര്‍ഷവുംകാലവും മാറിമറിയും
പിന്നെ പ്രേതമായി യക്ഷിയായ്
പിറക്കും കറുത്തകാലത്തില്‍....!

വിശ്വ സ്വരൂപിണി 
മാതൃരൂപവതി
സ്വയംഹത്യയാല്‍
ശരണം പ്രാപിക്കുക 
നിന്‍ ജന്മാപരാധം
പൊറുക്കാന്‍; മറക്കാന്‍!
നിനക്കില്ല രക്ഷ-സുരക്ഷയും.
വാഗ്ദാനപെരുമഴയാല്‍
നിന്നെ കൊല്ലാകൊല
ചെയ്യുമീ നാട്ടുപ്രമാണിമാര്‍.

ഇല്ല-ഉടുത്തൊരുങ്ങുക
ഝാന്‍സിറാണിയായ്
ഉണ്ണിയാര്‍ച്ചയായ്
വീറോടെ; വിരുതോടെ
തോല്‍ക്കാതെ; പതറാതെ
വിജയ ശ്രീലാളിതം
സ്വപ്‌നലോകമാം
നവലോകക്രമം
വിരചിതമാക്കുവാന്‍.

അടരാടുക പോരാടുക
തോളോതോള്‍ച്ചേര്‍ന്ന് 
തലയെടുപ്പോടെ.
ആകാശച്ചെരുവില്‍ 
തിളങ്ങുംനക്ഷത്രരാശിയില്‍
നിന്നൊരാളെ വേള്‍ക്കാന്‍...!





No comments:

Post a Comment