Friday, April 26, 2013

പിഴ

എവിടെയാണ് പിഴച്ചത്?
ജന്മാന്തരങ്ങളുടെ കര്‍മ്മഫലം
സത്യം-ചത്തമീനുപോല്‍
മലര്‍ന്നുപൊങ്ങും,
കരാളമാം രൂപത്തില്‍.
മിഴിച്ച കണ്ണുകള്‍ 
പിളര്‍ന്ന വായ.

എന്തുചെയ്യണം?
എന്തുപറയണം?
കര്‍മ്മയോഗം ജീവിതം
നിശ്ചലത മരണവും
ചലിക്കും ജീവിതചക്രം.
തലയില്ലാത്തവനും
ഉണ്ണണം; ഉറങ്ങണം.
കാലില്ലാത്തവനൂം
ഓടണം; നേടണം.
കയ്യില്ലാത്തവനോ
ഇരക്കണം വഴിനീളെ.

നിരപരാധി, അപരാധി
തിരിഞ്ഞുകൊത്തും നിയമം
സാക്ഷിയോ തെളിവുകളോ
മാപ്പപേക്ഷിക്കുവാന്‍ വരില്ല.
ഭൂമിയാകുന്ന തടവറയില്‍
രാവും പകലും എണ്ണിയെണ്ണി
കാലത്തെ കാര്‍ന്നുതിന്ന്, 
മരണവിധിയും കാത്തുകാത്ത്!

പകലിനെ തല്ലിചതച്ചും
രാത്രിയെ ശ്വാസംമുട്ടിച്ചും
ആടുമാടിനെയറക്കുമ്പോലെ
ദിവസങ്ങളുടെ അറവുശാല
ഇഴഞ്ഞുനീങ്ങുന്ന നാളുകള്‍
യുഗങ്ങളുടെ ദൈര്‍ഘ്യം
തിരമാലതീര്‍ത്ത കൊടുംങ്കാറ്റ്
വീശിയടിച്ചുതളര്‍ന്നകലും.
ആളിപ്പടര്‍ന്ന തീജ്വാല 
എരിഞ്ഞമരും ചാരമായി.
എല്ലാ തുടക്കവും
ഒരവസാനത്തില്‍ ഒടുങ്ങും.
അകലെനിന്നടുത്തേക്ക്
ദൂരത്തെ ലഘൂകരിച്ച്,
തുടക്കവും ഒടുക്കവും
വേര്‍തിരിയാതിടംവരെ.

പുതുമയില്ലാത്ത പുതുവര്‍ഷം
വെടിക്കെട്ടും വേഷപ്പകര്‍ച്ചയും
പുതുമയിലും പഴമയുടെ
നിഴലാട്ടം; വിളയാട്ടം
പഴയമനസ്സും പുതുമുഖവും
മാറ്റിയൊതുക്കും മറവിയിലേക്ക്.

മരണവീടിന്റെ ഇരുണ്ടമൂകത
മുറിവാതിലില്‍ അരിച്ചിറങ്ങി
മറവിയില്ലാത്ത ഓര്‍മ്മയായി.
ഉറവവറ്റിയ കിണറുപോലെ
കനിവുണങ്ങിയ മനസ്സുകള്‍
ശബ്ദങ്ങള്‍ക്കുള്ളില്‍ തിങ്ങി-
വിങ്ങിയ നിശ്ശബ്ദനിലവിളി.



No comments:

Post a Comment