Tuesday, April 23, 2013

ആത്മനാശം

ആത്മനാശത്തിലൂടെ പരനാശമുണ്ടാകുന്നു. സ്വയം കത്തിയെരിയുന്നതോടൊപ്പം അതിന്റെ ജ്വാലയാല്‍ മറ്റുള്ളവരും അഗ്നിയില്‍ എരിയപ്പെടും. മനസ്സിന്റെ നാശം ശരീരത്തെയും ശരീരത്തിന്റെ നാശം ജീവിതത്തെയും ബാധിക്കുന്നതുപോലെ. ജീവിതനാശം മരണത്തിന്റെ വായിലേക്കുള്ള അടിതെറ്റലാകും. 

സമൂഹം എന്നാല്‍ വ്യക്തികളുടെ കൂട്ടമാണ്. വ്യക്തിയെന്നാല്‍ സമൂഹത്തിലൊരംശവും. അപ്പോള്‍ വ്യക്തിയുടെ നാശം സമൂഹത്തിന്റെയും സമൂഹത്തിന്റെ നാശം വ്യക്തിയുടെയും നാശത്തിന് കാരണമാകും. അതായത് വ്യക്തിയുടെ ദൗര്‍ബല്യങ്ങള്‍, വീഴ്ചകള്‍, നഷ്ടങ്ങള്‍ തുടങ്ങിയുള്ള മാനസിക-ശാരീരിക വിഷമതകള്‍ സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന കാരണമാണ്. സ്വയം നശിക്കുമ്പോള്‍ ആ നാശത്തിന്റെ ജീര്‍ണത മറ്റുള്ളവരിലേക്കും പകരപ്പെടും. ഒരാളുടെ മനസ്സിലൂണ്ടാകുന്ന വിഷലിപ്തതകള്‍ അന്യരിലും പ്രകടമാക്കപ്പെടും. ഒരാളുടെ ആശയം മറ്റൊരാളില്‍ വാക്കായും വേറൊരാളില്‍ കര്‍മ്മമായും പ്രകടമാകും. അതിന്റെ അനന്തരഫലം സമൂഹത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കും. സ്വയം പ്രബുദ്ധരാകുമ്പോല്‍ സമൂഹവും പ്രബുദ്ധമാകും. 

ജീവിതം അര്‍ത്ഥശൂന്യമാകുമ്പോള്‍ മനുഷ്യന്‍ പ്രേതാത്മാക്കളെപോലെയാകുന്നു. ദൃശ്യവും സ്പര്‍ശവുമായ പ്രേതങ്ങള്‍. മാനസികമായ ബോധാവസ്ഥയില്‍ നിന്നും അബോധാവസ്ഥയിലേക്കും നയിക്കപ്പെടുന്നു. ഒടുവില്‍ അബോധം നിസ്സംഗതയിലേക്കും നയിക്കും. ലൗകീകമായ നിസംഗത്വം. അപ്പോള്‍ കാഴ്ചയുടെയും കേള്‍വിയുടെയും രൂപമില്ലാത്ത പ്രതികരണമാണ് ഉണ്ടാകുന്നത്. സംസാരത്തിലും പ്രവര്‍ത്തികളിലും അനശ്ചിതത്വവും പിന്നീട് അത് സ്വാഭാവികമായ പരിണാമമായും സ്ഥിരീകരിക്കപ്പെടുന്നു. കണ്ണിന് കാഴ്ച നഷ്ടപ്പെടുകയും കാലുകള്‍ കാഴ്ച തേടുന്ന സഞ്ചാരപഥത്തിലൂടെ നടന്നകലുകയും ചെയ്യും. ബോധാപബോധം തീര്‍ക്കുന്ന അപധസഞ്ചാരമായി തീരും ഈ യാത്രകള്‍. 

എത്ര ജീവിതങ്ങള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു. പിന്നെയും മരിക്കാന്‍ ജീവിതങ്ങള്‍ ബാക്കി. കറുത്തകുപ്പായമണിഞ്ഞ കാലം ഒരു ന്യായാധിപനെപോലെ എല്ലാം നിരീക്ഷിച്ചുകൊണ്ടുനില്ക്കുന്നു. എല്ലാ മനുഷ്യരും ഒരുപോലെ...മരിച്ചവരെ പോലെ തന്നെ ജീവിച്ചിരിക്കുന്നവരും. ഒരു നിമിഷം മുമ്പ് മരിച്ചവരും അടുത്ത മരിക്കാന്‍ പോകുന്നവരും. ജീവിതത്തിന്റെ ചുറ്റളവിന് മാറ്റം വരുന്നില്ല. മറ്റൊരു ജീവിന്റെ മരണം വേറൊരു ജീവനെ ബാധിക്കുന്നില്ല. ജീവന്റെ ലിങ്കുനഷ്ടപ്പെട്ട ജീവിവര്‍ഗങ്ങള്‍. പല്ലിയുടെ വാല് നഷ്ടപ്പെടുന്ന ലാഘവത്തോടെ അപരന്റെ മരണം എത്രമേല്‍ നിസ്സാരവത്കരിക്കപ്പെടുന്നു എന്നത് ഒരു അസ്വസ്തചിന്തയാല്‍ സമയത്തെ അപഹരിക്കുന്നു. ജീവിക്കുന്നവര്‍ക്ക് മരണം ഒരു കാഴ്ചമാത്രമാണ്. അത് ഒരു അനുഭവമാകുന്നില്ല. മരിക്കുന്ന വ്യക്തിയ്ക്ക് മരണം ഒരു അജ്ഞാതമായ മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പകരാന്‍ സാധിക്കാത്ത ഒരു വികാരമായും അവസാനിക്കുന്നു. മരണത്തിന്റെ പാതിവഴിയില്‍ തിരിച്ചുവന്നവന്റെ നാവില്‍ നിന്നുതിരുന്ന മരണാവരണത്തിന്റെ പാതിചിത്രം എന്താകുമായിരിക്കും. മരണത്തിനുമുമ്പ് അബോധത്തിന്റെ വാതില്‍ ബോധത്തിനുനേരെ കൊട്ടിയടക്കപ്പെടും. വെളിച്ചത്തിനുനേരെ അന്ധകാരത്തിന്റെ കോട്ടവാതില്‍.

ജനനം മുതല്‍ ഇന്നുവരെ...ആദി മുതല്‍ അന്ത്യം വരെ എത്രയെത്ര ഹൃദയസ്പംതനങ്ങള്‍.. ശ്വാസനിശ്വാസങ്ങള്‍...കാലടികള്‍! കാഴ്ച നല്‍കിയ അറിവും അനുഭവവും വീഴ്ച നല്‍കിയ മുറിവും മുറിപ്പാടുകളും. മൃദുലമായ കാല്‍പാദങ്ങളില്‍ നിന്നും പരുക്കനായ അനുഭവങ്ങള്‍ താണ്ടിയ ദൃഢതയും. നിഷ്‌ക്കളങ്ക മനസ്സില്‍ കാപട്യം നിറച്ച കളങ്കതയുടെ ഇരുളും വെളിച്ചവും നല്‍കിയ പാഠങ്ങളും പാഠഭേദങ്ങളും. ജീവിതം സൂക്ഷ്മത്തില്‍ നിന്നും സ്ഥൂലത കൈവരിക്കുകയാണ്. മനസ്സ് വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്കും പ്രവേശിക്കുന്നു. 

No comments:

Post a Comment