Monday, May 6, 2013

അനുഭവം

നമ്മള്‍ സ്വയം മറക്കുമ്പോഴാണ് യാഥാര്‍ത്ഥമായ അനുഭവം ഉണ്ടാകുന്നത്. മനസ്സിനെ ശരീരത്തിന്റെ ജീര്‍ണ്ണതയില്‍ നിന്നും വേര്‍പ്പെടുത്തി ആത്മാവിന്റെ പരിശുദ്ധിയിലേക്ക് ഉണര്‍ത്തുക. നിഷ്‌കപടവും നിഷ്‌ക്കളങ്കവുമായ സത്യത്തെ തിരിച്ചറിയുക. അപ്പോഴാണ് യഥാര്‍ത്ഥമായ അനുഭൂതി ലഭിക്കുന്നത്. 

ഓരോ ജീവിയും ശുന്യവും മിഥ്യയുമാണ്. വായുവില്‍ അലിഞ്ഞുചേരുന്ന പുകപടലംപോലെ. നമ്മുടെ മനസ്സിന് ആത്മാവിന് ഭൗതീകമായ നിലനില്പില്ല. അത് രൂപമില്ലാത്ത അരൂപിയെപോലെയാണ്. മുഖമില്ലാത്ത അകംപൊരുളാണത്. മനസ്സിലാണ് ബോധമിരിക്കുന്നത്. ബോധമാണ് ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതും. ബോധമില്ലാത്തവന്‍ മറ്റേതൊരു ജന്തുവിനെയും പോലെയാണ്. നമ്മുടെ സ്വത്വം നിര്‍ണ്ണിയിക്കുന്നത് മനസ്സില്‍ ജനിക്കുന്ന ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരാള്‍ സ്വയം അറിയുന്നതും മറ്റുള്ളവരെ അറിയുന്നതും ഈ ബോധത്തിലൂടെയാണ്. അതായത് ബോധത്തിന്റെ തിരിച്ചറിവില്‍ നിന്നുണ്ടാകു പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍.

ബോധമില്ലെങ്കില്‍ അത് അബോധാവസ്ഥയാണ്. അബോധാവസ്ഥയില്‍ ഒരാളുടെ വ്യക്തിത്വം അയാളില്‍ നിന്നും അന്യവല്‍കരിക്കപ്പെടും. അയാള്‍ വെറും ജൈവപിണ്ഡമായി മാറപ്പെടുകയും ചെയ്യും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മൃഗാവസ്ഥയില്‍ അയാള്‍ എത്തപ്പെടും. 

ഒരു കുഞ്ഞു ജനിച്ച് ആ കുഞ്ഞില്‍ ബോധം നിറയുന്നതുവരെ അത് വെറും മനുഷ്യമൃഗം പോലെയാണ്. ബോധം ഉണരുമ്പോള്‍ മാത്രമാണ് ഞാന്‍ എന്ന സ്വത്വബോധത്തെ തിരിച്ചറിയുന്നത്. മനസ്സ് ചിന്തിക്കുന്നത്/പ്രവര്‍ത്തിക്കുന്നത് ബോധത്തിന്റെ സജീവവസ്ഥയില്‍ മാത്രമായിരിക്കും. അറിവില്‍ നിന്ന് ചിന്തയും ചിന്തയില്‍ ന്ിന്ന് പുതിയ അറിവും ജനിക്കുകയാണ്. ബോധമാണ് അറിവിനും ചിന്തയ്ക്കും നിദാനമാകുന്നത്. 

മനുഷ്യന്‍ എന്നുള്ള അവസ്ഥ സൃഷ്ടിക്കുന്നതും ഈ ബോധത്താലാണ്. മറ്റു ജീവികള്‍ക്ക് അവയുടെ സ്വത്വത്തെ നിര്‍ണ്ണയിക്കാന്‍ സാധിക്കില്ല. മൃഗമാണോ പക്ഷിയാണോ മത്സ്യമാണോ എന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കില്ല. ഉള്ള അവസ്ഥയും ഇല്ലാത്ത അവസ്ഥയും തിരിച്ചറിയില്ല. ജീവന്‍ എന്ന വസ്തുതമാണ് അവയെ സംബന്ധിച്ച് പ്രകടമാകുന്നുള്ളൂ. ആത്മാവിന്റെ ജൈവീകരുപമാണ് മനസ്സ്. മനസ്സിന്റെ പൂര്‍ണ്ണരൂപമാണ് ആത്മാവ്. മനസ്സില്ലെങ്കില്‍ മനുഷ്യന്‍ ശൂന്യമായിരിക്കും. 

മനുഷ്യനെ മറ്റുജീവികളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് ഈ അംഹം ബോധമാണ്. ആ ബോധത്തില്‍ നിന്ന് മനുഷ്യന്‍ ചുറ്റുപാടുകളോട് പ്രതികരിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു.

No comments:

Post a Comment