Thursday, February 13, 2014

തൂപ്പുകാരി

ഇവള്‍ തൂപ്പുകാരിമരണയോഗ്യ
ചൂലുപോല്‍ തേഞ്ഞവള്‍
മഞ്ഞുപോല്‍ മാഞ്ഞവള്‍
വൃത്തിയിലും വെടിപ്പിലും
തൂത്തവള്‍, തോറ്റവള്‍
എനിക്കും നിനക്കും വേണ്ടി
തൂത്തവള്‍, തൂത്തുവാരിയവര്‍
കുളത്തിന്റെ ആഴങ്ങളില്‍
ആണ്ടവള്‍, വീണ്ടും തൂത്താന്‍
ഉയിര്‍ക്കുന്നവള്‍, സത്യമായ്
ആണ്‍വേഷം കെട്ടിയവര്‍
ഭരിക്കുന്നു വാഴുന്നു നാറ്റുന്നു
നാടാകെ; ഒക്കെ തൂക്കണം പിന്നെ!
ആണിന്റെ നിഴല്‍പറ്റി വസിക്കവര്‍
ആണിനെ വിശ്വസിച്ചു ശ്വസിച്ചവര്‍
അവസാനശ്വാസവും പറ്റിയവര്‍
നീതിക്കും നീതിപീഠത്തിനും
ചോദ്യമായി ഉയിര്‍ക്കുന്നു സ്ത്രീ
സത്യമായ് സ്വരമായ് ജ്വാലയായ്
എങ്ങനെ നീക്കണം ജീവിതം
എങ്ങനെ തീര്‍ക്കണം ജീവിതം
ഉടയോനെ അറുത്തും പിളര്‍ത്തും
ഉടയവളെ പകുത്തും പൊറുത്തും
വെള്ളം കോരിവെടിപ്പാക്കിയവള്‍
വേദന തിന്നും ചോദനമാറ്റിയവള്‍
ഭൂമിയെപോല്‍ സര്‍വം സഹയാം
തോറ്റുപോകും ധരിദ്രിയും ഒരുവേള
പീഡിപ്പിക്കപ്പെടാന്‍ ജനിച്ചവള്‍
പിതാവിനാല്‍ പുത്രനാല്‍ പതിയാല്‍
പൂക്കണം കൊന്നപോല്‍ സൗരഭ്യമായ്
കരിയണം വെണ്ണീറായി ഊതിമാറ്റാന്‍
നഗ്നയാക്കിയും തൂക്കിലേറ്റിയും
ഗളഹസ്തം ചെയ്തും വെട്ടികുത്തിയും
തീര്‍ക്കും അരിശം അതിശയമേതുമില്ലാതെ
ഒളിക്കും തെളിയും വിര്‍വികാരനായ്
വിജയിയായി ഊറ്റമായി നിന്‍ഹതഭാഗ്യം
പെണ്ണായി പിറന്നാല്‍ പിണമായി വരും
ഭോഗിക്കാം വെറും ഭോഗവസ്തുവായി
അണിയണം അഴിക്കണം കാഴ്ചയായി
നിന്‍സുഖം എന്‍സുഖമായി വരേണം
തടിക്കണം കൊഴുക്കണം വെണ്ണപോല്‍
അടച്ചുവയ്ക്കണം ഉറച്ചതാക്കോലുമായി
കാണരുത് കേള്‍ക്കരുത് അറിയരുത്
എത്രമേല്‍ തരുണം ഈ ദേഹവിശുദ്ധി
പൊന്നണിഞ്ഞും പൊന്നുപോല്‍വിളഞ്ഞും
എങ്ങനെ ഉടുക്കണം ഉറങ്ങണം ഉണ്ണണം
നീതിശാസ്ത്രവും നീതിബോധവും 
വേണ്ടുവോളം ചാര്‍ത്തികൊടുത്തവള്‍
ഉയിര്‍ക്കില്ല ഉണരില്ല എന്നിട്ടുമെന്തേ?
കാളക്കൂറ്റന്മാര്‍ മേഞ്ഞും തിമര്‍ത്തും
തീര്‍ന്നില്ല തീരില്ല മരണംവരുവോളം
ഉപ്പിലിട്ടമാങ്ങപോല്‍ രുചിയിലും 
ഉപ്പുവച്ച കലംപോല്‍ വിധിയിലും
മരിക്കാനായി ജനിച്ചവള്‍...മരിച്ചവള്‍!!











No comments:

Post a Comment