Friday, February 28, 2014

പച്ച മഞ്ഞ ചുകപ്പ്

പച്ചക്കുതിരപോലെ
ഓടിക്കിതച്ചുപോകും
മഞ്ഞുപോലെ ഉരുകി
ഒലിച്ച് ഒഴുകിപരക്കും
രക്തംതിളച്ചുആവിയായി
പതഞ്ഞുപൊന്തിമറിയും

പച്ചകത്തുന്നതുംനോക്കി
എത്രനേരം ചുകപ്പിന്റെ
മടുപ്പിനെ മഞ്ഞകൊണ്ടു
മറയ്ക്കണം മറവിയാക്കി

പച്ചകൊടിയെ നോക്കി
കുതച്ചുപായുന്ന വണ്ടിയെ
ഓര്‍മിക്കുക, പാളങ്ങള്‍
പലതുണ്ട് കടക്കാന്‍

പച്ചകത്തുമ്പോള്‍
പച്ചപാടത്തെ ഓര്‍ക്കും
മഞ്ഞയില്‍ മഞ്ഞപ്പൊടി
കൊണ്ടുകളംവരച്ച
പുള്ളുവപാട്ടിന്‍ഈണം
ചുകപ്പില്‍ ഉറയുന്ന
തെയ്യക്കോലങ്ങളുടെ
തോറ്റവും തിറയും

അണഞ്ഞുപോകുന്ന
നിറങ്ങളില്‍ ജീവന്റെ
ഹൃദയമിടിപ്പുകള്‍
കരുതിവയ്ക്കണം
നാളെയില്‍ വീണ്ടും
ഉണര്‍ന്നുകത്താന്‍

കവലകളില്‍ നിറംപിടിച്ച
അടയാളങ്ങള്‍ പ്രകാശിക്കുന്നു
ഒരടയാളം ബാക്കിവയ്ക്കാതെ
പോകരുതെന്നു ഓര്‍മിക്കാന്‍

മരിച്ചമനുഷ്യനെ ചുകപ്പിനാല്‍
പുതപ്പിച്ച് ചുടലയിലേക്ക്
എടുക്കുന്നതിനുമുന്‍പു
മുറിതേങ്ങയും മഞ്ഞനിലവിളക്കും
പച്ചയില്‍മുറിച്ച് ഉടലോടെ
വെട്ടിയിട്ട മാവിന്‍ ഞെരക്കം

മറക്കാന്‍ വെമ്പുന്ന ഓര്‍മകള്‍
പലനിറങ്ങളില്‍ നില്‍ക്കാതെ
കത്തുന്നു, കാവലില്ലാതെ..
നിര്‍ത്തിയവനെ തോണ്ടി
പച്ചവിളിക്കുന്നു കുതിക്കാന്‍.
മഞ്ഞയോടു പരിഭവം വേണ്ട
ചുകപ്പിന്റെ രൗദ്രത തെളിയും!

നിന്നെ ഓര്‍ക്കാന്‍ പച്ചമതി
ചുകപ്പ് പൊട്ടിയൊഴുകുന്നത്
അറപ്പും വെറുപ്പും ഉളവാക്കും
മഞ്ഞയില്‍ സൗന്ദര്യം വിളയും.

എത്ര ഓര്‍ക്കാതിരുന്നാലും
ചുകപ്പു കണ്ണിലേക്കു പതിയും
മൂക്കില്‍നിന്നും വായില്‍നിന്നും
ജലധാരയായിപൊട്ടിയൊഴുകും

സ്വപ്‌നം കറുത്തനിറത്തില്‍ 
ചുകപ്പും പൊട്ടുകള്‍പോലെ
ഒഴുകിനടക്കും ആകാശത്തില്‍
മഞ്ഞനക്ഷത്രം കെടുത്തി
ചുകപ്പുരാശികള്‍ പടരും

കറുപ്പും വെളുപ്പും ഭൂതകാല-
ത്തെ മങ്ങിയചിത്രംപോലെ
കറുപ്പും ചുകപ്പും മരണഭീതി-
യുടെ റോഡുകളെ കാട്ടിത്തരും
പച്ചയും മഞ്ഞയും കുട്ടിക്കാല-
ത്തെ പൂക്കാലം കൊണ്ടുവരും.

കറുപ്പുമഷിതേച്ചുതേഞ്ഞതില്‍
വെള്ളയില്‍ നിറവിന്റെ നിലാവ്
തെളിച്ചതു പിച്ചവച്ച ഇന്നലെയില്‍.
കളര്‍ചോക്കുകള്‍ മനസ്സില്‍ 
നൃത്തംവച്ചതും ചിത്രങ്ങളായതും,
ഉല്‍സവപിറ്റേന്ന് പുരത്തെ
ക്കുറിച്ചോര്‍ത്ത് ആര്‍ത്തുലസ്സിച്ച്,
ഭൂമിയില്‍ കാലുറയ്ക്കാതെ
ആകാശത്തില്‍ മനസ്സുപാറി
പറന്നുചിറകില്ലാതെ കൈമാത്രം
വീശി പറക്കാന്‍ ശ്രമിച്ചതും...

പച്ചയും മഞ്ഞയും ചുകപ്പും
തെളിക്കുന്നു മായാത്ത മങ്ങാത്ത
ഓര്‍മചിത്രങ്ങള്‍ മനസ്സിന്റെ
ഒടുങ്ങാത്ത പുറങ്ങളില്‍
എത്രചിന്തയാല്‍ കാടുകയറി
യിറങ്ങിയാലും പിന്നെയും
ബാക്കിയാവുന്നു അത്രമേല്‍.







No comments:

Post a Comment