Monday, January 12, 2015

അന്ത്യചുംബനം


അന്ത്യചുംബനം, പരസ്യചുംബനം പോലെ
ചൂടും ചൂരും കുറയും കാണുന്നവന്
പ്രിയപ്പെട്ടവര്‍ക്കു നല്‍കുവാനുള്ളത്
ചോരയൂറ്റും കഴുകന്‍ കണ്ണുകള്‍ക്ക്
ചോരത്തിളപ്പില്‍ നെഞ്ചുവിരിച്ചാടി്ല്ല
ഒരുപൊലീസുകാരനും തടയാന്‍ വരില്ല
കാണുന്നവരെയും ചെയ്യുന്നവരെയും

ആര്‍ക്ക് ആരെയാണ് ചുംബിക്കാന്‍
പാടില്ലാത്തത്, വേദപുസ്തകത്തിലും
നിയമപുസ്തകത്തിലും തപ്പിനോക്കി
ഒരിടത്തും ചുംബനത്തെപ്പറയുന്നില്ല
പിറന്നപടിയില്‍ ആദ്യം ലഭിച്ച സമ്മാനം
സന്തോഷവും ആഹ്ലാദവും നിറഞ്ഞത്
മനംനിറഞ്ഞു പുഴയായി ആശ്ലേഷം.
അന്നൊന്നും ആരും ചുംബനത്തെ
എതിര്‍ത്തില്ല, പുച്ഛിച്ചില്ല, പരിഹസിച്ചില്ല
ഇന്നു കഥമാറി കളംമാറി മറയായി
ആദവും ഹവ്വയും പോലെ വിജനത-
യില്‍ ആരുമില്ലാതെ, ആരുമറിയാതെ
കാടുവിട്ടും കൂടുവിട്ടും സ്വാതന്ത്ര്യം
ആരാന്റെ കയ്യിലെ പിടിവിടാചരടില്‍
സ്വാതന്ത്ര്യം പ്രവചിക്കുന്നതു ഭൂരിപക്ഷത്തിന്റെ
ന്യായവിധി: സദാചാരം, കൈവെട്ടല്‍, തലവെട്ടല്‍.
സ്വതന്ത്രനായിരിക്കുമ്പോഴും അദൃശ്യകണ്ണുകള്‍
പിന്തുടരും, ഒറ്റുകൊടുക്കും, ഒളിച്ചുനോക്കും.
ശരികളുടെ നൂലാമാലകള്‍, അഴിക്കുന്തോറും
അഴിയാക്കുരുക്ക്. നിന്റെ ജാതകം കുറിക്കുന്നത്
മറ്റുള്ളവരുടെ സമയവും കാലവും നോക്കി.
മനുഷ്യനെന്തിനു മനുഷ്യനായിരിക്കണം.
നായയോ പൂച്ചയോ ഒന്നുമല്ലെങ്കില്‍ കഴുതയോ
ആകാമായിരുന്നു. സ്വാതന്ത്ര്യചഷകം
മോഹിച്ചു നുണയേണ്ടിവരില്ലായിരുന്നു.
നാല്‍ക്കാലിയുടെ സൈ്വരവിഹാരം
ഇരുകാലിക്കു കൈവിലങ്ങും കാല്‍ത്തളയും
രണ്ടുകാലിലാണെങ്കിലും നാലുകാലി
ലജ്ജിക്കും, നോക്കരുത്, തട്ടരുത്, മുട്ടരുത്
വയ്യയീ വയ്യാവേലി, കണ്ണുകെട്ടിയും കാതടച്ചും
പുരയ്ക്കകത്തും വേലിക്കെട്ടിലും ഒടുങ്ങണം
കൊതിക്കും ഒരന്ത്യചുംബനം നുകരാന്‍...

No comments:

Post a Comment