Wednesday, January 14, 2015

നഗ്നസത്യങ്ങള്‍

നഗ്നത മറയ്ക്കുമാം തുണിശീലമാറ്റിയാല്‍
കാണാം സ്വര്‍ഗവും നരകവും ഒരുപോലെ
പൊത്തിയും പൊതിഞ്ഞും എത്രനാളിങ്ങനെ?
അന്ത്യത്തില്‍ അഴിക്കും പിന്നെ പുതയ്ക്കും
ആറടിമണ്ണിന്റെ ആഴങ്ങളില്‍, ജ്വാലയായ്...

നഗ്നമാം മണ്ണിന്റെ മാറിടം ചുരന്നും ഉഴുന്നും
തുരന്നും വിസ്‌ഫോടനം തീര്‍ത്തും, പിച്ചിയും
മാന്തിയും കരനഖയന്ത്രച്ഛേദങ്ങള്‍ വരുത്തിയും
പൂക്കളും കായ്കളും നിന്നതില്ല സ്വയമേവ
എന്നിട്ടുംമെന്തേ കലിതീര്‍ക്കുന്നു ധരിത്രിയെ

നഗ്നയായി ചെറുശീലപോലുമില്ലാതെ കിടക്കും
പട്ടുമെത്തമേല്‍ ആരെയോ കാക്കുമാവേളയില്‍
എത്തി നിന്നരികിലായ്, തൊട്ടുരുമിത്തലോടി
നിന്‍വെണ്ണപോല്‍ മൃദുലമാം മേനിയില്‍ തരളമായി
കണ്‍പോളകള്‍ മെല്ലയായി തുറന്നുനീ സ്മിതംതൂകി

മാംസനിബദ്ധം മനസ്സിന്റെ ഭാവനാവിലാസം
ബുദ്ധിയുദിക്കവേ കാണാം ഇന്ദ്രിയാതിവര്‍ത്തിയാം
സത്യനിശ്വാസം സ്തബ്ധമാം നഗ്നസത്യങ്ങള്‍
സ്വയമായി വേണ്ടാതൊരു സ്വന്തമാം നഗ്നത
വേണം മുഴുവനായി മതിവരാതെ മര്‍ത്യരന്യര്‍ക്ക്!

സൗന്ദര്യം തീര്‍ക്കുമാകൃതി കൃത്യത എത്രമേല്‍
കണ്ണിനാനന്ദം, ആസ്വദിക്കാം സ്വയമേ മറന്നേപോം
മനസ്സിനുമുണ്ടാവണം സൗന്ദര്യം നന്മയായി നിര്‍മലം
ആകൃതി വിരൂപമെങ്കിലും മനസ്സിന്‍ കണ്ണാടിയില്‍
തിളങ്ങും രൂപം എത്രമേല്‍ വിജൃംഭിതം ശോഭിതം!

മൊത്തമായി സവിധത്തിലര്‍പ്പിച്ചുവെങ്കിലും
വേണമിനിയുമെന്തൊക്കെയോ ജീവിതത്തില്‍
കാണാം പൂരമൊക്കയും വര്‍ഷാവര്‍ഷങ്ങളില്‍
എന്നിട്ടുമെന്തേ മതിവരുന്നീല്ല പിന്നെയും
ഉടലോടെ വിഴുങ്ങുമാം പാമ്പിനെപോലെ

എന്നും പ്രഭാതകൃത്യവും കുളിയും അണിയി
ച്ചൊരിക്കലും പുത്തനുടുപ്പും ചേലയും കലളസവും
വൃത്തിയും വെടിപ്പുമായി അംഗലാവണ്യംതീര്‍ത്തും
ശുദ്ധിയായി കാക്കും ശരീരം സൂര്യന്‍മറയവേ
വീണ്ടും ദുഷിക്കും, വീണ്ടും കഴുകും അഴുക്കിനെ!

കാണേക്കാണേ വളര്‍ന്നുംതളിര്‍ത്തും കിളിര്‍ത്തും
എന്നിട്ടുമേന്തേ അറിഞ്ഞില്ല നോവും ഗദ്ഗദം...
ഓരോ രോമക്കുപമണ്‍തരിയിലും ചേറിലും
മുഖമമര്‍ത്തി തെളിമയുടെ നീലാകാശം വിരിയിച്ചു
പകുത്തു നല്‍കാനാവില്ല നിന്‍പൊന്‍മേനിയെ

നിസ്വനായി ശൂന്യമാം കണ്‍കളാല്‍ വെട്ടിനില്‍ക്കും
എന്തുചെയ്യും ഇനി എല്ലാം സഹിക്കുമാം നിമിഷം
ഇല്ല, പാടില്ല അനര്‍ഥങ്ങള്‍ ക്രുദ്ധമാം ക്രൂരത.
നിസ്സഹായം ചെറുപ്പമെന്ന നദി നീന്തിക്കടക്കണം
ഒരുകൈസഹായം മാത്രംമതി കുളിര്‍തെന്നലായി

എത്രവികൃതമാണീശരീരശീലങ്ങള്‍ ദുസ്സഹം
ഒരുമാത്രവൈകിയാല്‍ അഴുകും വ്രണങ്ങള്‍
എത്രമേല്‍ വെറുക്കുമ്പോഴും പിന്നെയും ബാക്കി
യാവുന്നു ആത്മാവിന്‍ അനന്തമാം ചൈതന്യം
തോല്‍ക്കുന്നു പിന്നെയും ബുദ്ധിയും വിചാരവും

മരണം താണ്ഡവമാടും ഇന്നും നാളെയായി
എണ്ണത്തിലും വണ്ണത്തിലും ചേതമില്ലാതെ
ആരോ പറയുന്നു ആരോ മരിച്ചെന്നും കൊന്നെന്നും
മരിച്ചവരോ അറിയുന്നില്ല ജീവിച്ചിരിപ്പവരുടെ
ഭ്രാന്തജല്‍പ്പനങ്ങള്‍, വിഭ്രാന്തികള്‍, കെട്ടുകാഴ്ചകള്‍.

ചരിത്രം പുരാതനം എത്രമേല്‍ പിന്നോട്ടുതിരിയണം
ആദിയുടെ അകംപൊരുള്‍ അറിയുവാന്‍
ഭാവിയുടെ കാണാക്കയങ്ങളില്‍ തമോഗര്‍ത്തങ്ങള്‍
ഇരുളിലും വെളിച്ചത്തിലും തിളങ്ങും ജീവിതം
പടികള്‍ക്കയറുന്ന താളത്തില്‍ കൊരുക്കുന്നു.

ശവമഞ്ചങ്ങള്‍പ്പേറി യാത്രയാവുന്നു ആളുകള്‍
ബാക്കിയാവുന്നു നിശ്ശബ്ദമാം സങ്കടക്കലടുകള്‍
തോരുന്ന മഴപോല്‍ മിഴികളില്‍ തൂവുന്നു കണ്ണീര്‍
പുത്തന്‍പ്രഭാതം കണികണ്ടുണരുന്ന വേളയില്‍
എഴുന്ന മനസ്സും ശരീരവും ആര്‍ക്കോവേണ്ടിയോ

ജീവന്റെ പാതിവെന്ത രുപം ബാക്കിയിരിപ്പായി
ഇനിയും എത്രനാള്‍ തിന്നും കുടിച്ചും ശയിച്ചും
ചരമങ്ങള്‍ ദിനേനയന്യ നടക്കുന്നു നാട്ടിലായി
എന്നിട്ടും ബാക്കിയാവുന്നു ജനം നദിപോല്‍
ഒഴുകുന്നു താണ്ടുന്നു ജീവിതക്കടലിലേക്ക്.....













No comments:

Post a Comment