Monday, February 15, 2016

അദാലത്ത്



ബാങ്കില്‍ അദാലത്താണ് ഇന്ന്
വായ്പ എടുത്തു കയ്പായി മാറി
പോകണം രാവിലെത്തന്നെ ആദ്യമായ്
എഴുതിത്തള്ളുമോ പുറംതള്ളുമോ
മുന്‍പേ തഴയപ്പെട്ടവന്‍ തന്തയാല്‍
പോകാതെ തരമില്ല പോയിനോക്കി
വരികളായി ഉറുമ്പുപോല്‍ മനുഷ്യര്‍
പ്രാരാബ്ധം താണ്ടിയ ചുമലുകള്‍
നീളുന്നു പലിശ്ശക്കണക്കുകള്‍ 
കുട്ടൂപലിശയായി കൂട്ടിക്കിഴിച്ചവ
പേരുവിളിക്കുന്നു യമലോകംപോല്‍
ഞെട്ടുന്നു കുടല്‍, വരളുന്നു വിരലുകള്‍
തിരിയുന്നു ചക്രമായി, ഉരുളുന്നു തല
വിറയാര്‍ന്ന കാലാല്‍ വിചാരണക്കൂട്ടിലായ്
വിരിമാരുകാട്ടിയിരിക്കുന്ന ശകുനിമാര്‍
മുന്നിലായി എന്തൊരാഹഌദചിന്തം മനം
ഇരയെ കിട്ടിയ മൃഗംപോല്‍ വിജൃംഭിതം
ചോദ്യങ്ങള്‍ പലരായി പലതായി വരുന്നു
കാഴ്ചവസ്തുവായി പണയപ്പണ്ഡം...
ഉത്തരങ്ങള്‍ വായിലായി അലിയുന്നു
കേള്‍ക്കുവാന്‍ കൗതുകം ഏതുമില്ലാതെ
വറ്റിയ ഞെരമ്പുകള്‍ പിന്നെയും പിഴിയുന്നു
അവസാനചോരനിറവും കവരുവാന്‍
പണമായി വരേണം പിണമായി വന്നാലും
ഭീഷണി ഏഷണി സ്മാര്‍ത്തവിചാരംപോല്‍
ഭ്രഷ്ട് കല്പിക്കാനൊരുങ്ങുന്നു ഞൊടിയില്‍
കാലുപിടിച്ചും കെഞ്ചിയും ഇരന്നും കരഞ്ഞും
ചില്ലുമേടയിലിരിക്കും വിധികര്‍ത്താക്കള്‍
വട്ടിപ്പലിശക്കാര്‍ ഇതിലും ഭേദമാം, ഭേദ്യമില്ല
പാപിയാം ജന്മംപോല്‍ കടംവാങ്ങിയോന്‍
കോപമേതുമില്ലാതെ കേള്‍ക്കാതെ കേട്ടിരുന്നു
കോടതി, ജപ്തി, ജയിലറകള്‍, തൂക്കുമരം...
അവധിയോ ഉപാധിയോ ഏതുമില്ലാതെ
വിധിക്കുന്നു കാര്‍ക്കശ്യം ദയയേതുമില്ലാതെ
നീളുന്നു വരി പുറത്തായി ഊഴവും കാത്ത്
ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുമായി
അമ്മയും അച്ഛനപ്പൂപ്പനും, കൈക്കുഞ്ഞുമായി
പെങ്ങളും, ഇരിപ്പുറക്കാതെ ആണൊരുത്തന്‍
വീണ്ടും വാങ്ങണം കടം, വായ്പ തിരിച്ചടയ്ക്കാന്‍
കടക്കെണി, മരണക്കെണിപോല്‍ കുഴയ്ക്കുന്നു.




മോഹം

കണ്ടുകണ്ടു കൊതി തീരാനൊരു മുഖം വേണം
പറഞ്ഞുപറഞ്ഞു തീര്‍ക്കാനൊരു കാതുവേണം
കുത്തിക്കുത്തി ചോദ്യശ്ശരങ്ങളെയ്യാനൊരു ശിരസ്സും
നഖങ്ങളാല്‍ പിച്ചാനും മാന്തിയും ശരീരവും

എത്രനോക്കിയാല്‍ തീരും അഗാധമാം ആഴിപോല്‍
നിന്‍മുഖതലം, തിരകളാല്‍ അലതല്ലും മാറിടം
പ്രകൃതിപോല്‍ വിളങ്ങുന്നു, മുഖകാന്തി സ്വപ്‌നമായ്
നമിക്കുന്നു, പൊന്‍കണിപോല്‍ നിന്‍ കാഴ്ചമേളം

വാക്കുകള്‍ പെരുമഴയായി പെയ്യുന്നു, നാവിലായ്
എത്രനേരമായി, കനമായി നിറയുന്നു ശബ്ധധാരയായ്
പെയ്‌തൊഴിഞ്ഞാലും പിന്നെയും പെയ്യുന്നു മരംപോല്‍
നിന്നെ കേള്‍ക്കാന്‍, നിന്നില്‍ നിറയാന്‍ ജലമായ് 

ചോദ്യങ്ങളായിരം ഇരവിലും പകലിലും കാതിലായ്
മുണ്ഡനം ചെയ്യുന്നു ചോദ്യമൂര്‍ച്ചയാല്‍ ചോരയില്‍
ക്രുദ്ധം രോഷം അമര്‍ഷം വികാരങ്ങളേതുമില്ലാതെ
ഉത്തരങ്ങള്‍ ശരങ്ങളായി പെയ്യുക ആഴങ്ങളില്‍

നഖക്ഷതപ്പാടുകള്‍ കരിമേഘശകലം നിറങ്ങളില്‍
അടയാളമായി അടരുന്നു ഓര്‍മകള്‍ കല്ലറയില്‍
ബാക്കിയാക്കുക ജീവിതശേഷിപ്പിന്‍ മുദ്രകള്‍ 
ലാവണം കാക്കുവാന്‍ കാവലായ് കരുത്തായി

ഭൂമിയോ തിരിയുന്നു ലോകമോ ചലിക്കുന്നു
തോരണം തൂക്കിയപോല്‍ ജീവിതം ആടുന്നു
പാടുന്നു പൈങ്കിളി, ഏറ്റുപാടുന്നു മര്‍ത്ത്യരും
പോവാതിരിക്കാനാവില്ല വിളി കേള്‍ക്കമാത്രേ...

നികത്തുവാനാവില്ല വിടവുകള്‍ ചിലര്‍ ഒഴിയവേ
നികത്തപ്പെടും ഒഴിവുകള്‍ ചിലര്‍ വലിയവേ
തീര്‍ക്കണം ഒരിക്കലും നികത്താത്ത ഇടങ്ങള്‍
ജന്മദേഹമായി ആറടിയെങ്കിലും ഹൃത്തടത്തില്‍!





Tuesday, February 2, 2016

അഗ്നി


പെണ്‍ശരീരമേ നിന്നിലൊഴുകുന്നു
മണ്ണെണ്ണരുചികള്‍, നിന്നെ അയവിറക്കാന്‍
നക്കിയെടുത്ത അഗ്നിച്ചിറകുകളില്‍ 
പറന്നുപോയത് നിന്റെ ആത്മാവിന്റെ 
നിലച്ച മൗനവും നിലയ്ക്കാത്ത രോദനവും

പുരുഷാരവം പേറിവന്നു നിന്‍ഉടല്‍ 
ചുടലയില്‍ കത്തുന്നു ശവശരീരം 
പ്രേതമായിത്തീരുന്നു പിന്നെയായ്
നിന്നെ തനിച്ചാക്കി മടങ്ങുന്നു പാതിയില്‍ 
ചാരമായി ശൂന്യമായ് ഓര്‍മ്മയായ്

ടാങ്കറുകളില്‍ കടത്തി തീവെള്ളമായി ഗ്യാസ്
പൊട്ടിച്ചിതറി ജനവാസകേന്ദ്രത്തില്‍
പടരുന്നു അഗ്നിജ്വാല ആകാശവേഗത്തില്‍
എരിയുന്നു വീടുകള്‍ കാടുകള്‍ വീഥികള്‍
അപഹരിക്കുന്നു ജീവന്‍ നിര്‍ദയയാല്‍

അഗ്നിയില്‍ സ്ഫുടംചെയ്തു മന്ദ്രധ്വനികല്‍
വേവുന്നു ആത്മാവിന്‍ ജീവന്‍മുക്തി
തമസ്സിനെ കരിക്കുവാന്‍ കൊളുത്തുന്നു തീ
കത്തുന്നു, സ്ഫുരിക്കുന്നു പ്രകാശധാര
വെളിച്ചമായി തെളിച്ചമായ് സൂര്യപ്രഭ

ഒരിക്കലും അണയാത്ത തീയായ് സൂര്യന്‍
അടുക്കുവാനാകില്ല, അറിയുവാനാകില്ല
അടുക്കരുത് അറിയരുത് അണയാത്ത സത്യം
സ്വയം ജ്വലിച്ച് സുര്യനായ് തീരുക
മറ്റൊരു സൂര്യനെ കെടുത്തുവാനാകില്ല.

വേവുന്നു വിശക്കുന്ന വയറിനായ് അടുപ്പില്‍
തിളയ്ക്കുന്നു ചോറിന്‍മണം ആവിയില്‍
ഉറ്റുനോക്കുന്നു കണ്ണുകള്‍ ആര്‍ദ്രമായ്
വരണ്ട ചുണ്ടുകള്‍ നനയ്ക്കുന്നു നാവിനാല്‍
കൈക്കുമ്പിളില്‍ മോന്തുന്നു പാനപാത്രം.

ശത്രുവായ് മിത്രമായ് അഗ്നിയും ജലവും
കെടുത്തില്ല, കൊളുത്തില്ല അഗ്നിയെ
സൂര്യാതപം ഏല്‍ക്കിലും തോല്‍ക്കില്ല
നീരാവിയായി പോയിടും മഴയായി പെയ്തിടും
ജീവനെ കാക്കും സൃഷ്ടിസ്ഥിതികാരവര്‍






ചിരി

ആവശ്യമില്ലാതെ കയറിവരും
പൊട്ടിച്ചിരിപ്പിക്കും വേദനവരെ
മൗനപ്രാര്‍ത്ഥനയില്‍ പൊട്ടിച്ചിതറിയ
നില്‍ക്കാത്ത ചിരിയില്‍ വീണുടഞ്ഞത്
ബഞ്ചിനുമേല്‍ കയറ്റിനിര്‍ത്തിയും
കൈവെള്ളയില്‍ ചൂരലിനാല്‍ കുറിയിട്ടതും
ചിരിയെ തോല്‍പ്പിക്കാന്‍ ചിരിച്ചവനെ
കുനിച്ചുനിര്‍ത്തി കയ്ത്തരിപ്പ് തീര്‍ത്തു
ചിരിക്കു മറുചിരിക്കായി കാത്തതും
കരിമുഖം തിരിച്ചു കടിച്ചുപിടിച്ചുനടന്നതും
ഒരു ചിരിയില്‍ അലിയുന്നു മനം
പെയ്യുന്നു മാനം അലിവായി ഭൂമിയില്‍
ചിരിക്കാന്‍ മറന്ന കാലവും കോലവും
തിരിഞ്ഞുകുത്തുന്നു; പല്ലിളിക്കുന്നു
ബന്ധങ്ങളെ കോര്‍ത്ത മരുന്നുതിരിപോല്‍
ചിരിക്കുക മനംനിറയെ എല്ലാ മുഖത്തിലും
പുഞ്ചിരിയായ് വിടരും പനിനീര്‍പ്പൂവായ്
ചിത്രശലഭംപോല്‍ മന്ദഹാസം പൊഴിച്ച്
പരിഹാസമാം ചിരി ഹൃദയത്തെ മുറിച്ച്
അട്ടഹസിക്കും വിജയശ്രീലാളിതനായ്