Wednesday, June 12, 2013

മഴ

ഇരുണ്ട കാര്‍മുകിലിനാല്‍
ഇരുളണഞ്ഞ ഭൂമിതന്‍
മാറിടം പച്ചയാല്‍ പുതഞ്ഞും
മണ്ണും മനസ്സും കുളിര്‍ത്തും.

എത്ര സൗഭഗം ഈ തനുത്ത
കുളിര്‍ത്ത പുലര്‍വേളതന്‍
സൗരഭം നല്‍കുമീ ഉണര്‍വ്വ്.
സ്വച്ഛം സാന്ദ്രമീ പ്രഭാതം.

ചാറിയും പാറിയും കനത്തും
നേര്‍ത്തും നൂലിഴകളാല്‍ തീര്‍ത്ത
ഈ മഴക്കാലദിനരാവുകള്‍
എത്രമേല്‍ സ്വാസ്ത്യമേകും.

മനസ്സും ശരീരവും ആത്മാവും
ഒരുപോല്‍ കുളിര്‍കൊള്ളവേ
വേപഥുപോലും അലഞ്ഞീല്ലാതാ-
വുമീ ജലാശയഓളങ്ങളില്‍.

കിളിര്‍ക്കും തളിരിലകളില്‍ 
തളിര്‍ക്കും പൊന്‍മേനിയില്‍ 
ആയിരം ഉന്മാദനിമിഷ സാഗരം
നിമിഷം വാചാലം വാഗ്മയം.

മൂടിപുതച്ചും കൂനിക്കുടിയും
മഴനിലാവിനെ കണ്‍പാര്‍ത്തും
ഹൂങ്കാരമുഴക്കും മഴപെയ്ത്തിനെ
കണ്‍ക്കണ്ടും മതിവരാതെ.

ജനാലയ്ക്കരികിലും അമ്മതന്‍
വസ്ത്രതുമ്പിലും പിച്ചവച്ചങ്ങനെ
എത്രനേരം നോക്കിനിര്‍ന്നിമേഷം
ഈ ശീതളച്ഛായയില്‍ മുഴുകിനില്ക്കും.

മഴനനഞ്ഞും മഴയില്‍ കുളിച്ചും
മഴയില്‍ നീന്തി തുടിച്ചും കളിച്ചും
ഓര്‍മ്മകള്‍ ഓളംതുള്ളി ഓടിയണയും
തോടിലും തൊടിയിലും ചളിയിലും
കാല്‍പാദം നനച്ചും അഴുക്കിയും.

ഉടയാടകള്‍ നനഞ്ഞും പിഴിഞ്ഞും
ഒട്ടിയ ശരീരവടിവുകള്‍ കൈവെള്ളയാല്‍
മറച്ചും ചരിച്ചും ഒതുക്കിയും ഒതുങ്ങിയും
മനസ്സില്‍ തിളയ്ക്കും യൗവനകാന്തിയില്‍
രമിച്ചും രസിച്ചും എത്രനാള്‍ സുഖിച്ചതും.

നിന്നെ തലോടിയും വാരിപ്പുണര്‍ന്നും
ഈ മനോഹരനിദ്രതന്‍ മഴതണുപ്പില്‍
ചെറുചൂടില്‍ മയങ്ങിയുറങ്ങി തമ്മില്‍
ഉണരാതെ ഉണര്‍ത്താതെ ഉണാതെ!

വയ്യ എനിക്കീ മഴക്കാലരാവിനെ വിട
പറയുവാന്‍, അത്രമേല്‍ കൊതിക്കുന്നു
ഈ പ്രകൃതി തന്‍ ശീതോഷ്മാവിന്‍
നവരാഗം തീര്‍ക്കും അനുരാഗവല്ലിയെ.


No comments:

Post a Comment