Thursday, June 27, 2013

അര്‍ദ്ധവിരാമം

എങ്ങനെ ഞാന്‍ മറക്കേണ്ടു നിന്നെ
എങ്ങനെ ഞാന്‍ ഓര്‍ക്കേണ്ടു നിന്നെ
നീയേകിയ മധുരമാം ഓര്‍മകള്‍നല്‍കും
നിന്‍ പുഞ്ചിരിതൂകുമാമുഖചിത്രപടം

രാവിന്‍ ഓരംപറ്റി ഞാന്‍ ഉറങ്ങിടുംന്നേരം
നിന്‍ ഓര്‍മ്മകള്‍ തഴുകും എന്‍ മനതാരില്‍
ഉറക്കമിളച്ചു ഞാന്‍ നിന്‍ മിഴികളില്‍
നോക്കവേ, കാണ്മൂ നിന്‍ പുഞ്ചിരികുതൂഹലം

ഓരോ വാക്കിലും നോക്കിലും നിറഞ്ഞ
നിന്‍ ആര്‍ദ്രമാം നിമിഷങ്ങളെയെണ്ണി
ഞാന്‍ സൂക്ഷിച്ചുവച്ചുയെന്‍ ഹൃദയറകളില്‍
പാഴല്ലയിതു രത്‌നവൈര്യമാണെന്‍ സമ്പാദ്യം

ചിന്തകള്‍ മേഞ്ഞവഴികളില്‍ നടക്കവേ
നിന്‍ നിഴലെന്‍നിഴലിനെ പുണര്‍ന്നപോല്‍
എന്റെ വഴികളെ പിന്തുടര്‍ന്നകലുന്നതു
നിറകണ്ണാല്‍ മറയ്ക്കാന്‍ ശ്രമിക്കുഞാന്‍

നിന്‍ പാതിയാം എന്‍മകളെ വാരിപ്പുണര്‍ന്നു
ഞാന്‍ നിന്‍ ഊഷ്മളകാന്തിയെ പുല്‍കവേ
ചോദ്യങ്ങളായി കുമിളകള്‍ നിറയുന്നു കാതില്‍
അച്ഛനുണ്ടായിരുന്നെങ്കിലോ ചാരത്തായി

നിന്‍ മുഖചിത്രമിരിക്കും ചുമരിലെ ചിത്രത്തില്‍
ചാര്‍ത്തും കണ്ണീരില്‍ കുതിര്‍ന്നൊരാ മുല്ലമാല
എന്റെ ചുടുനിശ്വാസത്തിനാശ്വാസമായിവരും
വാകചാര്‍ത്തുപോല്‍ എന്‍ പുഷ്പാജ്ഞലി

നീ പിരിഞ്ഞൊരാദിനസന്ധ്യയില്‍ അറിഞ്ഞില്ല
ഞാന്‍ നിന്‍ വിയോഗസത്യം; എങ്കിലാനിമിഷം
ഞാന്‍ വിടയേകുമീലോകവാസം നിനക്കായി,
എന്നെ പ്രാണന്റെ പ്രാണനായി കരുതിയോന്‍.

എങ്കിലും ഞാന്‍ കരുതുന്നു നിനക്കായി
ഒരുദിനം; നമ്മുടെ മകളെ കാക്കണം നാളെ
വരെയെന്ന സത്യം മറന്നുപോയിടാതെ
വേവുന്ന ഹൃത്തിനാല്‍ എരിയുന്നു ഞാന്‍.

നീ വരില്ലെന്ന നിത്യതയെന്നെ കാര്‍ന്നു
തിന്നുന്നു പതിവായി, പരിഭ്രമം നിറയ്ക്കുന്നു
എങ്കിലും ഞാന്‍ ആശ്വസിപ്പിതു - ഒരിക്കല്‍
ഞാന്‍ എത്തും നിന്‍ സ്വര്‍ഗവാതിക്കല്‍...

നീ നല്‍കിയ ഉന്മാദഹര്‍ഷപുളകങ്ങള്‍
ഒരു വേഴാമ്പലിന്‍ ദാഹമായി എന്നെ
കാര്‍ന്നുതിന്നുന്ന വേളയില്‍ തപിക്കുന്നു
നിന്‍ ഹൃദയമിടിപ്പിന്‍ വേഗതാളംകിതപ്പില്‍

കാണുന്നു നിന്നെ പ്രകൃതിയില്‍ ഭുമിയില്‍
പൂവില്‍ കായ്കനികളില്‍ മധുരമായി
പല നിറങ്ങളായി വലുപ്പചെറുപ്പത്തില്‍
നേടുന്നു അലൗകീകമാം സുഖസുഷുപ്തി.

വേണ്ടയിനിയൊരു മംഗല്യസൂക്തനടനം
മകളേ നിനക്കായി ജീവിക്കും ഞാന്‍
ചടുലമായി ഝടുതിയില്‍, ഒരോര്‍മമാത്രം
ലക്ഷ്യമായി വിടരുന്നു എന്‍ നഭസ്സില്‍.









No comments:

Post a Comment