Thursday, June 20, 2013

വിടരാതെ പോയ കുസുമം

മകളേ നിന്നെയോര്‍ത്തു ഞാന്‍
കരയാത്ത രാവില്ല; പകലില്ല
എത്രമേല്‍ നിന്നെ ചുമന്നുഞാന്‍
സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി

നിന്‍ പൊന്‍മുഖം ദര്‍ശിക്കുവാന്‍
നിന്‍ സ്വരം കേട്ടു പുളകമണിയാന്‍
ഒക്കെ വെറുതെയെന്നു നിനയ്ക്കാന്‍
ആവതില്ലെനിക്കീ ജന്മം കഴിഞ്ഞാലും

നീ പിറക്കാതെ പിറന്ന പൊന്‍കുടം
പേര്‍ത്തും പാര്‍ത്തും കഴിഞ്ഞൊരാ
നാളുകള്‍ ഇന്ന് വെറുമോര്‍മകള്‍
മാത്രമായി, കരിഞ്ഞ സ്വപ്‌നങ്ങള്‍

ഞാനറിഞ്ഞീല്ലാ വിധിയുടെ മേലാപ്പ്
ഇത്രമേല്‍ എന്‍ ശിരസ്സില്‍ പതിക്കുമെന്ന
നഗ്നസത്യം, എങ്കില്‍ ഇത്രമേല്‍ 
ആശിക്കില്ലായിരുന്നു എന്നതുസത്യമോ?

ഒന്നുരണ്ടെന്നെണ്ണി കഴിഞ്ഞൊരാ-
നാളുകള്‍, ഇനി തിരിച്ചുവരില്ലെന്ന
യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവില്ല
യെങ്കിലും മകളേ ഞാന്‍ അറിയുന്നു

അറിയാത്ത അറിവുകളുടെ നൂലാമാല-
കള്‍ത്തീര്‍ക്കും കുരുക്കുകള്‍
അഴിക്കുന്തോറും കുരുക്കായി നിറയുമീ
ജീവിത സായന്തന വേപഥു.

കോണിയും പാമ്പും കളിക്കും കുഞ്ഞു-
കുസൃതിപോല്‍ ജീവനെ വട്ടംകറക്കും
ഇതോ വിധി, ദൈവഹിതം, ആരാണ്
ഉത്തരവാദിയും പ്രതിയും വാദിയും?

കേട്ടില്ലേ, വിധിയുടെ കരാളമാം താണ്ഡവം
ഏല്‍ക്കാത്തെ ജന്മങ്ങള്‍ എത്ര വിരളം
ഇന്നു ഞാന്‍ നാളെ നീ യെന്ന ആപ്ത-
വാക്യം പൂരണം ചെയ്യുമെന്‍ ജീവിതം

ആരെ കുറ്റം പറയേണ്ടൂ ഞാന്‍, ആര്
കുറ്റം മേല്‍ക്കുമെന്നറിയില്ല, സ്വയം
ശാപവാക്കുകള്‍ പിറുപിറുത്തങ്ങനെ
ഹോമിക്കും ഈ ശരീരഭാണ്ഡവും.








No comments:

Post a Comment