Tuesday, June 18, 2013

നിനക്കായി

മകളെ മാനസേ എന്തുപറയേണ്ടു
ഞാന്‍ നിന്‍ കരതലം മുത്തവേ
എന്‍ മനം പിടയുമീ നിദ്രതന്‍
ഇടവേളയില്‍, നിന്നെയോര്‍ത്ത്

നീ അറിഞ്ഞീലേ ഈ ലോകമാം
രഥചക്രവേഗ - മത്സരലോകം
എത്തീടേണം മുമ്പിലായ്....
കയറീടേണം ഉയരത്തിലായ്...

തുറക്കുക വാതായനങ്ങളത്ര
എളുപ്പമല്ലെന്ന ചിന്ത മതിക്കേണം
മനസ്സില്‍, കത്തുന്ന പ്രഭാപൂരം
കണക്കെ ജ്വലിക്കണം സദാ...

പ്രാര്‍ത്ഥിക്കുക മനമുരുകി സ്വയം,
കൃതാര്‍ത്ഥയാവുക നിന്‍ അറിവിന്‍
വെളിച്ചം പകരുമാ ഉജ്ജ്വലകാന്തിയില്‍
തേടേണ്ട മറ്റൊന്നുമേ ഈയിഹത്തില്‍

വിദ്യതന്നെയമൃതവും ശരണവും യജ്ഞവും
മറ്റൊന്നില്ല മാര്‍ഗം ഈയിഹലോകത്തെ
ജയിക്കുവാന്‍, വെല്ലുവാന്‍, യശസ്സുയര്‍ത്താന്‍
അതിനായി വരേണം തന്‍-മന:ആത്മാത്യാഗം

ഉയരണം നാടാകെ; ഉണരണം ചുറുക്കോടെ
എത്തണം വേഗത്തില്‍; നേടണം തൃപ്തമായ്
കരുതിയിരിക്കുക, പ്രേത-ഭൂത-പിശാചിനെ-
യല്ല, മനുഷ്യനാം നരഭോജികളാം മൃഗത്തെ!

എനിക്കായി നല്‍കാന്‍ ഇല്ല കൈകളില്‍
നിനക്കായി, എങ്കിലും ഈ ഹൃദയതാളം
ഉള്‍ക്കൊള്‍ക നീ മകളേ രുദ്രതാളമായി
നടനംകൊള്‍ക; ശിവഝടുതിമേളത്തില്‍

ലക്ഷ്യം തീര്‍ക്കുമീ മാര്‍ഗദൂരത്തെ
താണ്ടണം കര്‍മ്മരഥത്തിലേറി
കളങ്കമേല്‍ക്കാതെ; പതറാതെ
ബലിഷ്ഠമാം പദസഞ്ചലനം തുടരുക.

ഈ മഹാപ്രപഞ്ചസാഗരം തീര്‍ക്കും
ബ്രഹ്മാണ്ഡകടാഹത്തില്‍ തിളങ്ങണം
ഋതു ഗ്രീഷ്മ നക്ഷത്രരാശിയില്‍
കാലമേറെ കഴിഞ്ഞാലുമോര്‍ക്കാന്‍

ഞാന്‍ പിരിയുമാക്കാലം വരുമെങ്കിലും
നിന്നെക്കുറിച്ചുള്ള ഓര്‍മ്മതീര്‍ക്കും
ചിത്രമെന്‍ മനംനിറയ്ക്കും വര്‍ണ്ണമായി
അവസാന നാടകരംഗ തിരശ്ശീലയില്‍.








No comments:

Post a Comment