Thursday, November 12, 2015

തുമ്പികള്‍

പൂവിതള്‍ത്തുമ്പിലും 
പച്ചിലത്തുമ്പിലും
പച്ചോലത്തുമ്പിലും
ഊഞ്ഞലാടുന്നു
പാറിനടക്കുന്നു തുമ്പികള്‍

കുഞ്ഞിളം കൈയാല്‍
തുമ്പിയെ പിടിക്കുവാന്‍
മെല്ലെ ശ്രമിക്കവേ
ഒളികണ്ണെറിഞ്ഞു
പറ്റിച്ചുപാറിപ്പറന്നിടുന്നു


ഒന്നല്ല രണ്ടല്ല 
കൈക്കുമ്പിളിലെണ്ണിയാല്‍
ഒടുങ്ങില്ല തുമ്പികള്‍
മന്ത്രജാലംപോല്‍
പ്രത്യക്ഷരാവുന്നു

ആകാശസീമയില്‍
കാനനച്ഛായയില്‍
ആറ്റിന്‍കരയിലും
വയല്‍വരമ്പത്തും
പാറിക്കളിക്കുന്നു തുമ്പികള്‍

വെളിവെയിലില്‍ 
തീനാളമായ് വിളങ്ങിടും
ചാറ്റല്‍മഴയത്ത് 
കൂഞ്ഞുചിറകില്‍ പാറി
മിന്നിമറയുന്നു തുമ്പികള്‍

പാടത്തും മൈതാനിയിലും
ഒച്ചവച്ചുകളിക്കുന്ന
കുട്ടികള്‍ക്കൊപ്പമായ് 
പൊങ്ങിയുംതാഴ്ന്നും
നൃത്തം ചവിട്ടുന്നു


രണ്ടുചിറകിലും
നാലുചിറകിലും
ബഹുവര്‍ണനിറത്തിലും
കൊമ്പിലും കുഴലിലും
പലതരം തുമ്പികള്‍

തുമ്പിയെ കാണുമ്പോള്‍
മനംനിറയുന്നു
ഗൃഹാതുരമായൊരു
ഓര്‍മകള്‍ തുമ്പികളായ്
കാണാമറയത്ത് മറയുന്നു...

മധുരമീ ഓര്‍മച്ചിത്രങ്ങള്‍
മായുമോ മനുഷ്യായുസ്സില്‍
മാഞ്ഞാലും മറഞ്ഞാലും
പിന്നെയും പൂക്കുന്നു
തുമ്പികള്‍ പുനര്‍ജനിയായി....

No comments:

Post a Comment