Monday, November 23, 2015

സൃഷ്ടിയുടെ പിറവി

ഗര്‍ഭപാത്രംപോല്‍ വിങ്ങുന്നു മാനസം
സൃഷ്ടിയുടെ പിറവിക്കായ്
ഇന്ന്, നാളെ എന്നിങ്ങനെ എണ്ണിയെണ്ണി
പ്രവചനാതീതം ആദിയും അന്ത്യവും
പിന്നെയും പിടയുന്നു തൊഴിക്കുന്നു
കാലിനാല്‍, മുഷ്ടിയാല്‍
മൃദുലമാം വീര്‍ത്തവയറിന്‍ ചുമരിലായ്
എത്രനാള്‍ കാക്കേണം പിറവിക്കായ്
പത്തുമാസം ചുമന്നൊരോരമ്മപോല്‍
വിയര്‍ക്കുന്നു തപിക്കുന്നു... ആശ്ലേഷം,
സൃഷ്ടിതന്‍സ്വരൂപം ദര്‍ശനമാത്രയില്‍.
പോരാ ആയിരം കണ്ണുകള്‍ കാണണം
പൊന്നമ്പിളിപോല്‍ വിളങ്ങണം മുഖപ്രസാദം
പൊന്നരഞ്ഞാണം തിളങ്ങണം അരയിലായ്
പിച്ചവച്ചും കൈകള്‍ ആകാശത്തിലായ് ചുഴറ്റിയും
മുന്നേറണം സഹൃദയഹൃത്തടങ്ങളില്‍
ലഭിക്കും ഓരോ നോക്കും വാക്കും,
പുളകിതമാക്കും അന്തരംഗം എത്രമേല്‍
അത്രമേല്‍ ഹര്‍ഷോന്മാദം അമ്മമനസ്സില്‍
തൊട്ടും തലോടിയും പിന്നെയും മിനുക്കുന്നു
എത്രവട്ടം കുത്തണം പൊട്ടും, ചുറ്റണം പുടവ
കണ്ണെഴുതിയും അത്തറുപൂശിയും
മലോകരെ ആസ്വാദനത്തിന്‍ കൊടുമുടി കയറ്റണം.

No comments:

Post a Comment