Sunday, November 8, 2015

വിസ്മയം

വെട്ടിമാറ്റപ്പെട്ട 
പൊക്കിള്‍ക്കൊടി ബന്ധം.
ജീവിക്കന്നത് ഔദാര്യമല്ല
വായ കീറിയവന്,
അന്നം മുട്ടിയില്ല.
ജീവിതം യുദ്ധക്കളമായി
പോരാളിയും എതിരാളിയും
മല്ലയുദ്ധത്തിലെ ബലിഷ്ഠത
തോല്‍ക്കുന്നതും വിജയിക്കുന്നതും
ഒരുകൈ മറ്റേതിനെ ഉയര്‍ത്തും
വിജയത്തിന്റെ കരഘോഷം
ഇരുചെവിയറിയാതെ.

വിജൃംഭിച്ചെയ്ത ശരരേതസ്സ്
സുഷുപ്തിയില്‍ ലയിച്ച്
ഒരു ജന്മത്തിന്റെ പാപഭാരം
സൃഷ്ടിച്ചതിന്‍ പേറ് ഉപേക്ഷ
അസ്തിത്വത്തിന്റെ കാവലാള്‍
ഒന്നിനെ പിറക്കുമ്പോള്‍
മരണവും കൂടെപ്പിറക്കും.
ജനിപ്പിച്ച സുകൃതവും
കൊല്ലിച്ച പാപവും
എത്രമായ്ച്ചാലും മായാത്ത
മുറിവായി കനലായ് എരിയുന്നു.

പലതുള്ളിയായ് പെരുവെള്ളത്തില്‍
ആവിയായി ആകാശമായി
പരമാണുവില്‍ അലിഞ്ഞ്
ബ്രഹ്മമായി സ്ഥിതമായി കാലമായി
പുനര്‍ജനിയില്ലാത്ത ജനനം
ഊര്‍ജപ്രവാഹത്തിന്റെ
ജീവോല്‍പ്പത്തിയും
ജീവന്‍മുക്തിയില്‍ മോക്ഷവും
ബ്രഹ്മാണ്ഡതേജസ്സില്‍
കരുവായി കാലപ്രവാഹത്തില്‍
തിളങ്ങും നക്ഷത്രതേജസ്സായി

മരണം മറവിയായിത്തീര്‍ന്നതും
മറവി മറയായിത്തീര്‍ന്നതും
ജീവിതം കൊരുത്ത സമവാക്യം
ഇന്നത്തെ ജീവശരീരം
നാളത്തെ ശവശരീരം
ആത്മാവോ ഇന്നലെയും,
നാളെയും കാലഭേദങ്ങളില്ലാതെ.

എത്ര വിരൂപമാം ശരീരം
എത്ര സുന്ദരമാം മനസ്സ്
പഞ്ചേന്ദ്രിയങ്ങളാല്‍
ചുംബിച്ചുണര്‍ത്തുന്നു.
സ്വപ്‌നംപോലെ മായയായി
സ്വര്‍ഗംപോലും മിഥ്യയായി
വീര്‍ത്ത ബലൂണുപോല്‍
പൊട്ടാനായി കിളിര്‍ത്തവര്‍
സസ്സുഖം വാഴുക മരണവരെ
കൂട്ടിക്കിഴിച്ചാല്‍ ലഭിപ്പതുശിഷ്ടം.

സ്ത്രീയും പുരുഷനും 
എത്രമേല്‍ ആശ്ചര്യഹേതുക്കള്‍
ആണിനു പെണ്ണും
പെണ്ണിനു ആണും
തൊട്ടും തലോടിയും
ആലോചനാമൃതം നുകര്‍ന്നും
ഭാഗങ്ങള്‍ അടയാളപ്പെടുത്തും
ലോകമാം മാപ്പില്‍ വിരലുകള്‍
എത്ര നോക്കിയിട്ടും കണ്ടില്ല 
തിരയുന്ന ചോദ്യത്തിന്‍
ഉത്തരസാരാംശ രേഖകള്‍
അടയാളപ്പെടുത്താന്‍ 
പെരുവിരലിലും തലനാരിഴയിലും.
ഒന്നായിരിക്കിലും വിസ്മയം
പ്രകൃതിപോല്‍ വിഭിന്നം.

No comments:

Post a Comment