Friday, November 6, 2015

ബോധോദയം

നിന്റെ വസ്ത്രങ്ങളെ ഞാന്‍ ഉരിയാം
എന്റേത് നീയും, മൃഗത്തൊലിപോലെ
നഗ്നമാക്കപ്പെട്ട ഉടലുകളെ
പരസ്പരം തഴുകിയുണര്‍ത്താം
മജ്ജയും മാംസവും പങ്കുവയ്ക്കാം
അയ്യായ്യിരം പേര്‍ക്കല്ല, രണ്ടുപേര്‍ക്കായ്

ബോധിമരച്ചുവട്ടില്‍ ബോധോദയം
ഇണപിരിഞ്ഞിഴയുന്ന പാമ്പുകള്‍
സ്വര്‍ഗവാതില്‍ തുറക്കുന്ന നീലാകാശം
മണ്ണില്‍ മണ്ണിരയായി, 
ആകാശത്തില്‍ പറവയായും
ജലരാശിയില്‍ മല്‍സ്യകന്യക
നിശാസ്വപ്നംപോലെ ജീവിതം
ഉദിച്ചസ്തമിക്കുന്ന ഉത്തരായനം

നീലക്കണ്ണാടിയിലെ നീലവെളിച്ചം
നിഴലുപോലെ ശരീരങ്ങള്‍
മതിവരാത്ത അതിരാത്രമായി
വിയര്‍പ്പുകണങ്ങളില്‍ ഊളിയിട്ട്
തളര്‍ച്ചയുടെ രതിവേഗങ്ങളില്‍
മയക്കത്തിന്റെ നീരാളിപ്പിടിത്തം

സ്വപ്‌നമോ മായയോ യാഥാര്‍ത്ഥ്യമോ
അതിരില്ലാത്ത വേര്‍തിരിവുകള്‍
ജീവിതമേ നീയെത്ര ധന്യാത്മകം
സ്വര്‍ഗം തോല്‍ക്കുമുലകം
നഗ്നത തേടുന്ന സ്വാതന്ത്ര്യം
അഴിച്ചിട്ടും അഴിയാത്ത മതിലകങ്ങള്‍
കൊട്ടിയടച്ച വാതിലുകള്‍
ഭയം ചിതലറിച്ചുകയറുന്നു
ഞെരുങ്ങിക്കരഞ്ഞ് തുറക്കാതടഞ്ഞ്
തുറന്ന പുസ്തകമായി ജന്മം
പൊതിഞ്ഞുകെട്ടി മൃത്യുദേഹം

സ്വാതന്ത്ര്യമേ അഴിക്കുക
പാരതന്ത്ര്യത്തിന്‍ മുഖാവരണം
തേടുക സ്വച്ഛവായും ജലവും
വിതറുക നവോന്മേഷം സുഗന്ധമായ്
പരക്കട്ടെ തേനൂറും ജലധാര ഭൂമിയില്‍

നിന്നിലലിയുന്ന വേളയില്‍
തെളിയുന്ന ഞാനെന്‍ സ്വരൂപം
എന്‍ ശക്തിയുടെ ഗാംഭീര്യം
നിന്‍ സുഖസുഷ്പിയില്‍ തെളിയുന്നു.




No comments:

Post a Comment