Tuesday, November 12, 2013

ഭ്രമണപഥം

സാഹചര്യംമൂലമുള്ള അടിമത്വത്തില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ സാമൂഹികമായി സംഘടിക്കേണ്ടി വരുന്നു. എന്നാല്‍ മാനസ്സികമായ അടിമത്വത്തില്‍ നിന്നും കരകയറുന്നതിനു സ്വയം തന്നെ അതിനെതിരെ പൊരുതേണ്ടിവരും. ശരീരം ഭോഗാവസ്ഥയിലും മനസ്സ് ആത്മീയാവസ്ഥയിലും വിമോചനം നേടുകയാണ്. മനസ്സ് ശരീരത്തെ വിഴുങ്ങണം. ശരീരം മനസ്സിനെ വിഴുങ്ങിയാല്‍ മനസ്സ് ശരീരത്തിനു അടിമയാകും. താല്‍ക്കാലികമായ സുഖം ലഭിക്കുന്നതു ശാരീരികമായ തോന്നലുകളിലൂടെയാണ്. സ്ഥിരമായ സൗഖ്യം ലഭിക്കണമെങ്കില്‍ ആത്മീയമായ ഔന്നത്യത്തില്‍ എത്തണം. മാനസ്സികമായ അടിമത്തം ഉണ്ടാകുന്നത് മനസ്സ് ശരീരത്തിനു കീഴടങ്ങുമ്പോഴാണ്. ആത്മീയചിന്തയില്‍ ഒരിക്കലും അടിമത്തമില്ല. ശാരീരികമായ ഭോഗാസക്തി മുന്നിട്ടുനില്‍ക്കുമ്പോള്‍മനസ്സിലെ ആത്മീയ ചൈതന്യം മങ്ങുകയും ആത്മാവ് നിര്‍ജീവമാവുകയും ശരീരം സജീവമാവുകയും ചെയ്യുന്നു. ശരീരത്തിന്റെ സജീവത താല്‍ക്കാലികവും ആത്മാവിന്റെത് സ്ഥിരവുമാണ്. മനസ്സിന്റെ സജീവതയില്‍ ആത്മാവും ശരീരവും ഒരുമിച്ചു ഉല്‍ക്കൃഷ്ടത പ്രാപിക്കുന്നു.

ജീവിതം നിരന്തരമായ പ്രവാഹമാണ്. ആ പ്രവാഹത്തിലെ ഒരു ബിന്ദുമാത്രമാണ് മനുഷ്യന്‍. ജീവിതത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ അതിന്റെ ഒഴുക്കിനെ നിയന്ത്രിക്കാന്‍ സാധിച്ചെന്നുവരും. ജീവിതം ഒരു കറക്കുതൊട്ടിലുപോലെ അതിന്റെ ഉച്ഛിയില്‍ നിന്നും എടുത്തെറിയപ്പെടും. ആ സമയത്തു വയറില്‍ നിന്നുള്ള ആളലില്‍ എല്ലാം കത്തിയമരാം. തൊട്ടിലിന്റെ കറക്കം ഒരിക്കലും അവസാനിക്കുന്നില്ല. ഉയര്‍ച്ചതാഴ്ചകളുടെ മഹോല്‍സവം തുടര്‍ന്നുകൊണ്ടിരിക്കും. ശ്വാസഗതിയെ തടഞ്ഞും കുടലുമാല കൂടിക്കുഴഞ്ഞും കണ്ണൂകളില്‍ കാഴ്ചയുടെ തിരയോട്ടംമായി ഒരു നിഴലുപോലെ ജീവിതത്തിന്റെ തുരുമ്പെടുത്ത കൈപ്പിടിയില്‍ താങ്ങി.

ആരോഗ്യം ധനം വിദ്യ ഇതില്‍ ഏതെങ്കിലും ഒന്ന് പൂര്‍ണമായിരിക്കണം. അല്ലെങ്കില്‍ നമ്മള്‍ സമൂഹത്തിന് വിധേയമായി അടിമയായി ജീവിക്കേണ്ടിവരും. ആരോഗ്യമുണ്ടെങ്കില്‍ ധനവും ധനമുണ്ടെങ്കില്‍ വിദ്യയും കരസ്ഥമാക്കാം. ആരോഗ്യമാണ് പ്രധാനം. ധനമുണ്ടെങ്കില്‍ വിദ്യയും വിദ്യയുണ്ടെങ്കില്‍ ധനവും സ്വായത്തമാക്കാം. ധനവും വിദ്യയും പൂരകമാണ്. വിദ്യാധനം സര്‍വധനാല്‍ പ്രധാനമാകുന്നതും ഈ പൂരകാവസ്ഥയില്‍ നിന്നാണ്. 

മനുഷ്യന്‍ പൂര്‍ണനായിരിക്കുമ്പോഴാണ് സ്വതന്ത്രനാവുന്നത്. പൂര്‍ണത ആരോഗ്യപരവും മാനസികവുമാണ്. സ്വതന്ത്രത അടിമത്വത്തില്‍ നിന്നുള്ള മോചനമാണ്. ജീവിതം സ്വാശ്രയമായിരിക്കണം. അപ്പോള്‍ മാത്രമേ ജീവിതത്തിന്റെ എല്ലാവിധത്തിലുമുള്ള അനുഭവവും അനൂഭൂതിയും ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ.

ആത്മവിശ്വാസമാണ് ഏറ്റവും വലിയ ശക്തി. സ്വയം തിരിച്ചറിയുകയും ആ തിരിച്ചറിവിനെ ജീവിതത്തിന്റെ ചാലകശക്തിയാക്കിമാറ്റുകയും ചെയ്യുക. ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ നിരാശ്രയരായി മാറും. ഏറ്റവും വലിയ ആശ്രയം സ്വാശ്രയമാണ്. സ്വയം രക്ഷ അതാണ് ഏറ്റവും വലുത്. ആദ്യം രക്ഷിക്കുക സ്വയം തന്നെയാണ്. അതില്‍ പരാജയപ്പെടുമ്പോല്‍ മാത്രമാണ് പരാശ്രയത്തെ കാംക്ഷിക്കുന്നത്. അത് അകലെയാണ്. കണ്ണാണ് കാഴ്ച. ചെവി കേള്‍വിയും തലച്ചോറു ബുദ്ധിയും ഹൃദയം മനസ്സുമാണ്. കൈ ആശ്രയമാണ്. കാല്‍ നിലനില്‍പ്പും. 

ആദ്യം സ്വയം അറിയുക, പിന്നെ ലോകത്തെയും. അടിമുതല്‍ മുടിവരെയും ആദിമുതല്‍ അന്ത്യംവരെയും അറിയുക. പിന്നെ മറ്റുള്ളതിനെയും ലോകത്തേയും. ആ അറിവാണ് ജീവിതത്തിന് വെളിച്ചവും മാര്‍ഗവുമാകുന്നത്. ഞാന്‍? നീ? നമ്മള്‍?

ഓരോരാളും അവരവരുടെ ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. അതില്‍ അതിക്രമിക്കാനോ ക്രമീകരിക്കാനോ മറ്റുള്ളവര്‍ക്കു സാധിക്കില്ല. സമയനഷ്ടപ്പെടുത്തലാണ് ഫലം. ന്യൂക്ലിയസ്സിനു അതിനു ചുറ്റുമാള്ള സംക്രമണവും. ഒരാളുടെ ഭ്രമണപഥം അവരുടെ സ്വതന്ത്രവും മോചനവുമാണ്. അവരുടെ മാര്‍ഗത്തിനു തടസ്സം സൃഷ്ടിക്കരുത്. 

ഒരാളെ നിര്‍മിക്കുക സാധ്യമല്ല. എന്നാല്‍ അയാളെ നിഷ്പ്രയാസം തകര്‍ക്കുക സാധ്യമാണ്. സൃഷ്ടി സ്വന്തവും നാശം പരവുമാണ്. നേട്ടം സ്വന്തം അവകാശപ്പെട്ടതാണ്. കോട്ടം കാരണങ്ങളുടെ ഫലവും. സൃഷ്ടിയുടെ സ്രഷ്ടാവ് അയാള്‍ തന്നെ. വിജയിക്കുമാത്രമാണ് വിജയത്തിനു അവകാശം.

ആര്‍ക്കും ആരെയും സൃഷ്ടിക്കാന്‍ സാധ്യമല്ല. സൃഷ്ടി സ്വയംഭൂവാണ്. അതുപോലെ ഒരാള്‍ മറ്റുള്ളവര്‍ക്ക് ഒരു മറവുകൂടിയാണ്. സ്വന്തം മാര്‍ഗം, ശ്വാസം, നോക്ക്, കേള്‍വി, ചലനം മറ്റുള്ളവര്‍ തടസ്സമാകുന്നു. വികര്‍ഷിക്കലാണ് മോചനം. ആകര്‍ഷണം ബന്ധമാണ്. ആശ്രയവും വിധേയവുമാണ്. വികര്‍ഷണം സ്വാശ്രയവും സ്വതന്ത്രവും പൂര്‍ണതയുമാണ്.

സൂര്യന്‍ ഓരോ ഗ്രഹത്തെയും ആകര്‍ഷിക്കുമ്പോള്‍ തന്നെ വികര്‍ഷിക്കുകയും ചെയ്യുന്നു. ഓരോ ഗ്രഹത്തനും അതിന്റെതായ ഭ്രമണപഥത്തില്‍ സ്വതന്ത്രവിഹാരം അനുവദിച്ചിരിക്കുകയാണ്. അതുപോലെ ഓരോ ഗ്രഹങ്ങള്‍ തമ്മിലും അകലങ്ങളും പരിധികളുമുണ്ട്. ഗ്രഹംപോലെയാണ് ഓരോ ജീവിതങ്ങള്‍. ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നതുപോലെ ഓരോരാളും അയാളുടെ ജീവിതകേന്ദ്രത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

No comments:

Post a Comment