Tuesday, November 12, 2013

മനുഷ്യന്‍ ഭാരമാകുന്നത്



ഒരാള്‍ അയാള്‍ക്കും ഭൂമിക്കും
ഭാരമാകുന്നത് 
തന്റേതല്ലാത്ത കാരണത്താല്‍!
ജീവിതഭാരത്തില്‍ നി്ന്നും
ശരീരഭാരം കുറയ്ക്കുമ്പോള്‍
കിട്ടുന്നത്, 
ശിഷ്ടമോ ഫലമോ?
ഹരണഫലവും ശിഷ്ടവുമില്ലാതെയോ
പിറന്നപടി കാലുകള്‍ താങ്ങില്ല, സ്വന്തംഭാരം 
അതുപോലെ ജീവിതഭാരവും!
പിച്ചവച്ചും പിച്ചതെണ്ടിയും.
താങ്ങും തണലുമായി വേണം
ഒരു കൈത്താങ്ങ്.
ഭാരം ചുമയ്ക്കുന്നവനു അറിയാം
ഭാരമിറക്കുന്നവന്റെ ഭാരം!
തൂക്കുകട്ടയും തുലാസുമില്ലാത്ത
ജീവിതഭാരം എവിടെയിറക്കും
എന്റെ തലയില്‍നിന്ന് നിന്റെ തലയിലോ 
ഭാരം ചുമന്നവന് കിട്ടിയത് മുള്‍ക്കീരിടം!
വണ്ടിക്കാളയ്ക്കു ഭാരംതാങ്ങല്‍
സന്തുലിതാവസ്ഥയുടെ നുകംപേറലാണ്
വണ്ടിക്കാരന് അതിനെക്കാള്‍ വലിയ
ജീവിതഭാരം; ആരു താങ്ങൂം?
ഭാരം ചുമയ്ക്കുന്ന കഴുതയെപ്പോലെ
ജീവിതഭാരവുമായി മനുഷ്യക്കൂട്ടം
പലായനവും തിരിച്ചുവരവും
ഭാരം തൂക്കിയും ഇറക്കിയും 
നിതാഖാത്തിന്റെ ഇളവുപോലെ.
മരണത്തിലൂടെ ശിഷ്ടമില്ലാത്ത
ഇഷ്ടമില്ലാതെയൊരു ഹരണം
അവസാനശ്വാസത്തിന്റെ ഭാരമില്ലായ്മ
ഇതുവരെ സഹിച്ചതും സഹിപ്പിച്ചതും
ഒരു തൂക്കുക്കട്ടയുടെ പിന്‍ബലത്തില്‍
തുലാസും പെണ്‍ഡുലവും മാരണങ്ങള്‍
ഭാരമളയ്ക്കാനും സമയമിളയ്ക്കാനും
രണ്ടിനുമുണ്ട് സൂചിമുനകള്‍
ഹൃദയത്തെ തുളയ്ക്കുന്ന മുള്ളുപോലെ.


No comments:

Post a Comment