Wednesday, November 20, 2013

ശ്ലഥബിംബങ്ങള്‍

വാക്ക്, ശബ്ദം, പ്രവൃത്തി
പൊട്ടിച്ചിരിയുടെ അട്ടഹാസം
മൗനികള്‍ നിശ്ശബ്ദരും നിശ്ചലരും
ഒരു ചുവടു മുന്നോക്കം
ഒരു ചുവടു പിന്നോക്കം
ഒന്ന് ഭാവിയിലേക്കും
ഒന്ന് ഭൂതത്തിലേക്കും
കുതിച്ചുപായും ജീവിതം
മരണം, കൂര്‍ത്ത ദ്രംഷ്ട
അന്ധകാരം പിളര്‍ന്ന വായ
സ്പന്ദനം, ശ്വാസം, നിശ്ചലം
ഇടര്‍ച്ചയില്ലാത്ത തുടര്‍ച്ച
തളര്‍ച്ചയില്ലാത്ത വിളര്‍ച്ച
മൂകത, ശുന്യത, ആരംഭം
സൂക്ഷ്മത്തില്‍ നിന്നും
സ്ഥൂലത്തിലേക്കും 
ഉണ്മയും മിഥ്യയും

*************
വികാരവും വിചാരവും
വികാരം നശ്വരം, 
വിചാരം അനശ്വരം
വളവുംതിരിവു-
മില്ലാത്ത വഴിത്താര
അനന്തം അനശ്വരം 
ദിവസവും ജന്മവും
ഉറക്കവും മരണവൂം
ഉണര്‍വ്വ് പുതുജന്മായി, 
പുനര്‍ജന്മമായ്
ചിന്തയും പ്രവൃത്തിയും 
ചിതയിലെരിയും
ഉറക്കത്തിന്റെ 
തരിശുനിലങ്ങളില്‍
ബാക്കിയാവുന്നത് 
ബാക്കിവച്ച
നന്മയുടെ 
തീനാവുകള്‍

**************

സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങി
ആകാശത്തിനുതാഴെ
നിഴലുപോലെ മരച്ചില്ലകള്‍
ജീവിതം മരുപ്പറമ്പുപോലെ
നിശ്ശൂന്യം, നിരര്‍ഥകം
മുളകളൊക്കെ കരിഞ്ഞുണങ്ങി
അവസാനത്തെ ജലകണവും
തീനാവിനാല്‍ തുടച്ചെടുത്തു
**********

മനുഷ്യന്‍ 
ഭൂമിയെക്കാള്‍ 
വലിയ പൂജ്യം, 
സംപൂജ്യന്‍
അര്‍ഥമില്ലാത്ത 
നിയമസംഹിത
അനുസരിപ്പിക്കാന്‍ 
അനുനയിക്കാന്‍
അനുസരിക്കാതെ 
അടിച്ചേല്‍പ്പിക്കാന്‍
കൊണ്ടതും കൊടുത്തതും
ഏതുനിയമത്തിലൂടെ?

പ്രപഞ്ചനിയമം
മനുഷ്യനിയമം
ജീവവായുപോലെ
നിനക്കും എനിക്കും
ശ്വസനവായുപോലെ
പ്രകൃതി നിയമം
ജനനവും മരണവും
വളര്‍ച്ചയും തളര്‍ച്ചയും
തലമുറകളായി
പലമുറകളായി
*********


No comments:

Post a Comment