Wednesday, November 13, 2013

നിരര്‍ഥകമായ വാക്ക്


വാക്കിന്റെ നിരര്‍ഥകത എത്ര ഭയാനകമാണ്. പറയുന്ന വാക്കു കേള്‍ക്കാന്‍ ചെവിടുവേണം. വാക്കുകള്‍ മറ്റുള്ളവര്‍ക്കു താല്‍പ്പര്യമുണ്ടാക്കുന്നില്ലെങ്കിലോ? മറ്റുള്ളവര്‍ക്കു അരോചകമുണ്ടാക്കുന്ന വാക്കുകള്‍ ഒരപശബ്ദമായി മാറുകയാണ് ചെയ്യുക. വാക്ക് സാര്‍ഥകമാകുന്നത് അത് കേള്‍ക്കുവാനും ആ കേട്ടതിന് പ്രതികരണമുണ്ടാകുമ്പോളുമാണ്.

എല്ലാവാക്കിന്റെയും ശബ്ദത്തിന്റെയും പ്രവൃത്തിയുടെയും മറുപുറം ഒരു പൊട്ടിച്ചിരിയുടെ അട്ടഹാസം മുഴങ്ങുന്നുണ്ട്. ആ മുഴക്കത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ അവിടെ മൗനം നിശ്ശബ്ദമായി നിശ്ചലമായിരിക്കുന്നു. ഓരോ ചലനത്തിനും ഒരു എതിര്‍ചലനം കുടിയിരിക്കും. അര്‍ഥങ്ങള്‍ക്കു വിപരീതാര്‍ഥം ഉടലെടുക്കുന്നതുപോലെ.

ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നതോടൊപ്പം മറുകാലു പിറകോട്ടു ചലിക്കുകയാണ്. ഒരു കാലിനെ പിന്നോക്കം തള്ളാതെ മറുകാലിന് മുന്നോക്കം പായാന്‍ സാധിക്കില്ല. ഭാവിയിലേക്ക് മുന്നേറുന്നതിനനുസരിച്ച് ഭൂതകാലത്തിലേക്കും ഒരു ചുവടു പിന്‍വാങ്ങുകയാണ്.

No comments:

Post a Comment