Sunday, November 24, 2013

സംഹാരദുര്‍ഗ

നിര്‍മാണം മന്ദഗതി.
നാശം ത്വരിതം.
സൃഷ്ടി കാത്തിരിപ്പാണ്.
പൂര്‍ണതയില്‍ നിന്നും
പൂര്‍ണതയിലേക്കുള്ള
പുനരാവിഷ്‌ക്കാരം.
വിശുദ്ധിയിലെ ശുദ്ധി.
ഹൃദയത്തില്‍ നിന്നും
ഒഴുകിവരുന്ന രക്തം.

നാശം ഇല്ലായ്മയാണ്.
തെറ്റില്‍ നിന്നും തെറ്റിലേക്ക്,
കൂപ്പുകുത്തല്‍: ഓതിരംകടകം.
അശുദ്ധിയുടെ വിളനിലം
ദുര്‍ഗന്ധപൂരിതം മ്ലേച്ഛം
അന്യായത്തിന്റെ വിധിപറച്ചില്‍
അസത്യത്തിന്റെ വചനപ്രഘോഷം
ഹിംസയിലേക്കുള്ള കവാടം
പരാജയത്തിന്റെ പടുകുഴി.

തെറ്റ് ഗുരുത്വമാണ്
കീഴ്‌പ്പോട്ടാണ് സഞ്ചാരം.
ശരി ഗുരുത്വദോഷവും
സഞ്ചാരപഥങ്ങളെ ദേദിക്കും.
നിര്‍മാണം ഉയര്‍ച്ചയിലേക്കും
ഗുരുത്വബലത്തിന്റെ അപനിര്‍മിതി.
നാശം ഭൂമിയിലേക്കുള്ള പതനവും
പതനത്തിന് ശക്തികൂടും.
ഭൂമി വാപിളര്‍ന്ന മഹാമേരുവാണ്
എല്ലാത്തിനേയും വിഴുങ്ങും.
സൃഷ്ടിച്ചതിനൊക്കെയും 
സംഹരിക്കും, സംഹാരദുര്‍ഗയായി.

No comments:

Post a Comment