Wednesday, September 12, 2012

ഹ്രസ്വമായ ജീവിതം/ബാല്യം

ഹ്രസ്വമായ ജീവിതം

ജീവിതം ഹ്രസ്വമാണ്. എത്രയെത്ര ജീവിതങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു 
യുഗാന്തരങ്ങളിലൂടെ. നീണ്ടകാലത്തില്‍ കോര്‍ത്ത മുത്തുമണികള്‍പോലെയാണ് 
ജീവിതം. ചെറുതും വലുതുമായി. സ്മരണകള്‍ ജീവിതത്തിന്റെ ആഴവും 
പരപ്പും കൂട്ടുകയാണ്. ഓര്‍മകളില്ലെങ്കില്‍ ജീവിതം ശുഷ്‌കമാകും. അത് 
ഒരു ദിവസത്തിന്റെ ദൈര്‍ഘ്യത്തിലേക്ക് ചുരുങ്ങും. കഴിഞ്ഞുപോയ 
ജീവിതം സ്മരണകളിലൂടെ പുനര്‍ജനിക്കുകയാണ്. അതില്‍ മധുരവും 
കയ്പും ഉണ്ടാകാം. 

ഭാവന സ്വപ്‌നമായി തെളിയുന്നു. ആഗ്രഹങ്ങളാണ് ഭാവനയെ 
രൂപപ്പെടുത്തുന്നത്. സ്വപ്‌നങ്ങള്‍ക്ക് ചിലപ്പോള്‍ യാഥാര്‍ത്ഥ്യവുമായി 
ബന്ധമുണ്ടാകണമെന്നില്ല. 

ഓര്‍മകള്‍ക്ക് കഴിഞ്ഞുപോയ ജീവിതത്തിന്റെ പൂര്‍ണ്ണവും അര്‍ത്ഥവത്തുമായ 
പ്രതിഫലനമുണ്ടാക്കാന്‍ സാധിക്കും. ജീവിതത്തില്‍ നമ്മള്‍ അറിയാതെ പോയ 
കാര്യങ്ങള്‍ ഓര്‍മകളില്‍ തെളിഞ്ഞുവരും. ഒരു ബ്ലൂപ്രിന്റുപോലെ. അനുഭവങ്ങളുടെ 
തീക്ഷ്ണതയില്‍ സംഭവങ്ങളുടെ യഥാര്‍ത്ഥചിത്രം തെളിയുന്നില്ല. അത് അവ്യക്തമായി 
നമ്മളിലൂടെ സംഭവിക്കുകയാണ്. സ്മരണ സംഭവങ്ങളുടെ പുനരാവര്‍ത്തനമാണ്.

ബാല്യം
ബാല്യകാലം ആവേശകരമാണ്. ഉയരങ്ങള്‍ കീഴടക്കുന്ന പടവുകളുടെ അനുഭവമാണ് അത് നല്‍കുന്നത്. ഓരോ പടവും ഉദ്ദ്വേഗത്തിന്റെയും ആനന്ദത്തിന്റെയും നിമിഷങ്ങള്‍ സമ്മാനിക്കുന്നു. ഉയരങ്ങള്‍ കീഴടക്കാന്‍ എല്ലാവര്‍ക്കും സാധി്ക്കുമോ? എല്ലാവരും വിജയപഥത്തിലെത്തുന്നുണ്ടോ? ആവേശവും ഉത്കണ്ഠയും മടുപ്പിലും ഭയത്തിലും എത്തിയാലോ. പടവുകള്‍ തെന്നിവീഴുമ്പോഴുണ്ടാകുന്ന അമ്പരപ്പ് പിന്നീട് ഭയമായി മാറും. ഭയം ഒറ്റപ്പെടലാകുന്നു. ഒറ്റപ്പെടല്‍ മടുപ്പുളവാക്കും. പടവുകള്‍ കീഴടക്കിയാലുള്ള ആനന്ദം നീണ്ടുനില്ക്കുമോ. അല്പപ്രായമായ ജീവിതത്തില്‍ ആനന്ദം സ്ഥായിയായി തുടരുമോ. ഉയരം കീഴടക്കിയാല്‍ വീണ്ടും ഇറക്കമാണ്. ഇറക്കത്തില്‍ ആവേശമില്ല. തളര്‍ച്ചയാണ്. കാലുകുഴയും, മനസ്സ് മടുക്കും. പിന്നീട് ഉയരങ്ങളില്ല. ഉയരങ്ങള്‍ കീഴടക്കാനുള്ള ആവേശമില്ല. 

ശൈശവത്തില്‍ നിന്നും വസന്തം നിറഞ്ഞ ബാല്യത്തിലേക്ക്. പിന്നീട് കൗമാരത്തിലേക്കും. കൗമാരത്തിലെ സ്മരണയാണ് ബാല്യം. സ്മരണയില്‍ നിന്നുള്ള മധുരം, മധുരത്തില്‍ നിന്നുള്ള അനുഭൂതി യൗവനത്തില്‍ അവസാനിക്കുന്നു. അനുഭൂതി ജീവിതചക്രത്തിന്റെ ക്രൗര്യത്തില്‍ വേദനയായി മാറും. വേദന പിന്നീട് ജീവിതമായി മാറുന്നു. 

(1995)

No comments:

Post a Comment