Friday, September 28, 2012

എഴുതിത്തീരാത്ത വരികള്‍

അവളുടെ
കണ്ണുകളില്‍
ആകാശനീലിമ.
പുഞ്ചിരിയില്‍
വെള്ളിനിലാവ്.
പ്രകൃതിയുടെ 
രൂപലാവണ്യം.
നിഷ്‌ക്കളങ്കം
ഈമുഖശ്രീ.
ആയിരംതിരികളില്‍
ജ്വലിക്കുന്ന
ദേവീചൈതന്യം.
അഭിലാഷങ്ങള്‍ക്കും
ആഗ്രഹങ്ങള്‍ക്കും
ഭൂതകാലത്തിന്റെ
കരിനിഴല്‍
മറഞ്ഞിരുന്നില്ല.
-------------
എന്റെ സ്വപ്‌നങ്ങളില്‍
അവള്‍ നിറഞ്ഞുനിന്നു.
സ്മരണകള്‍ക്ക്
മധുരംപകര്‍ന്നു.
എന്റെ ശ്വാസമായി
സ്പന്ദനമായി
ജീവനായി
അവള്‍ ജ്വലിച്ചുനില്ക്കുന്നു.
കാലത്തിന്റെ 
കറുത്തരാത്രികള്‍ക്ക്
അവള്‍ വെളിച്ചമായി.
ഒരിക്കലും
വാടാത്ത
അടരാത്ത
നിത്യചൈതന്യം.
--------------
ഇന്നലെയവള്‍
ദേവതയായി
ഇന്നവള്‍
മാലാഖയായി
സൗന്ദര്യരൂപമായി.
അടുക്കുന്തോറും
അകന്നകന്ന്...
ഒരു നിഴലായി
അശരീരിപോല്‍.
ശബ്ദങ്ങളൊക്കെ
ഉറഞ്ഞുകൂടി
മഞ്ഞുപോലുറച്ച്.
കൈമാടി വിളിച്ചിട്ടും
ഒച്ചയിട്ടലറിയിട്ടും
കാണാമറയത്ത്
മറഞ്ഞകന്നു.
കാര്‍ക്കൂന്തലില്‍
മുല്ലപ്പൂ ചൂടി
വെള്ളിമണി
കൊലസണിഞ്ഞ്
കണ്ണുകളില്‍
കുസൃതി നിറച്ച്
കാതിലെ കടുക്കനില്‍
സൂര്യനെ നിറച്ച്
മഴവില്ലിന്‍ ഏഴഴകായി.
അവളുടെ 
കാലടികളെ
പിന്തുടര്‍ന്ന്
ആകാശത്തില്‍
പറന്ന്
വെള്ളത്തിലൂടെ
നീന്തിതുടിച്ച്
കരയിലൂടെ
ഓടിതിമര്‍ത്ത്....
ഒടുവില്‍
യവനികയ്ക്കുള്ളില്‍
നിറംമങ്ങിയ രൂപമായി.
സ്മരണയില്‍ 
തീര്‍ത്ഥജലമായി!
---------------
എന്നെമറന്നവള്‍.
കളിപ്പാട്ടമായി
ഉപേക്ഷിച്ചവള്‍.
പരിഭവമോ
പരാതിയോ
ഏതുമില്ലാതെ-
ആളുന്ന ജീവനില്‍
കൂര്‍ത്ത മുനകളില്‍
കോര്‍ക്കപ്പെട്ടവന്‍.
വാക്കുകള്‍
കൂരമ്പായി
ഹൃദയഭിത്തിയെ
തുളച്ചിരിക്കാം?
ബലഷ്ഠമായ
കൈകളാല്‍
ബന്ദിയാക്കില്ല.
അബോധത്തിന്റെ
കരങ്ങളാല്‍
ഞെരുക്കില്ല.
ഏതുശിക്ഷയ്ക്കും
പ്രാപ്തനായവന്‍
വിധേയന്‍.
കണ്ണുകള്‍ 
ചൂഴ്‌ന്നെടുക്കാം.
നാവിനെ 
പിഴ്‌തെടുക്കാം.
മൂര്‍ച്ചയേറിയ 
കഠാരയാല്‍
ഗളച്ഛേദമാകാം.
കാതുകളില്‍
തീകനല്‍ കോരിയിടാം.
കൈകാലുകള്‍
അറുത്തുമാറ്റാം.
തിരമാലകള്‍
വാപിളര്‍ക്കും.
കൊടുങ്കാറ്റിരമ്പും
മരുഭൂമി കത്തിയാളും
ഭൂമി വിണ്ടുകീറും.
മരണത്തിന്റെ 
അട്ടഹാസവും
ജനനത്തിന്റെ
ആര്‍ത്തനാദവും.
എന്നോട് ക്ഷമിക്കുക-
ജീവിതത്തിന്റെ
തീച്ചൂളയില്‍ 
വെന്തുരുകിയവന്‍.
അതുകൊണ്ടാവാം
എന്റെ വാക്കുകള്‍ക്ക്
ഇത്രയും മൂര്‍ച്ച.
-------------
സ്വരമാണവള്‍
ശക്തിയാണവള്‍
ആശ്വാസമാണവള്‍
അശരണതയില്‍
അഭയമാണവള്‍
തളര്‍ച്ചയില്‍
താങ്ങായി
വിഴ്ചയില്‍
ഉയര്‍ച്ചയായി.
അവള്‍ 
പോയവഴിയേത്?
പിന്തുടരുവാന്‍
കാല്പാടുകള്‍
മാഞ്ഞുപോയി.
കരിവളകിലുക്കവും
കാല്‍ചിലങ്കനാദവും
നിലച്ചുപോയി.
അസ്വസ്തം 
അതിജീവനം
അനാഥം 
അതിവിദൂരം!
-----------
എന്റെ ചോദ്യങ്ങള്‍
പരിഭ്രമത്തിന്റെ
കൊടുങ്കാറ്റുയര്‍ത്തും
ചോദ്യശരങ്ങളെ
തടുക്കാന്‍ 
ഉത്തരങ്ങളുടെ
കവചങ്ങളില്ല.
അമൃത്‌പൊഴിയുന്ന
പുഞ്ചിരിയില്‍
ഉരുകിയൊലിക്കും.
നിഗൂഢമായ
കരിമിഴിനോട്ടത്തില്‍
ഒളിപ്പിച്ചെന്താണ്?
വാക്കുകളില്‍
സ്വരമാധുരി
നിറഞ്ഞുതുളുമ്പി
ചലനത്തിന്
പ്രകൃതിയുടെ
ലയ-താള സമന്വയം
നിന്റെ നിശ്വാസത്തില്‍
ആശ്വാസത്തിന്റെ
ഊഷ്മളത.
ദീപ്തമാം
തളിര്‍മേനിയില്‍
നിഴല്‍വീഴിലൊരിക്കലും.
--------------------
ദൗര്‍ബല്യമായി
മുള്‍കിരീടം.
എരിഞ്ഞുകത്തുന്ന
നൈരാശ്യം.
കൂരമ്പുകളാകുന്ന
പരിഹാസം.
ഇടിത്തീപിളര്‍ക്കുന്ന
അപകര്‍ഷത.
അത്ഥശൂന്യമായ
ചോദ്യാവലികള്‍.
--------------
അടുത്തായിട്ടും
കാതങ്ങളുടെ 
അകലം
കണ്ണിനുദൃശ്യമായി
വിരല്‍തുമ്പിന്‍
സ്പര്‍ശമായി
ഗന്ധമായി 
കേള്‍വിയായി
എന്നിട്ടും,
യാഗാന്തരങ്ങളുടെ
കാലദൈര്‍ഘ്യം
ധ്രുവങ്ങളുടെ
അകലവും.
---------
കാലിനെ തഴുകി
ഒഴുകുന്ന ജലം
ഉറവിടവും
ഒടുക്കവും
അജ്ഞാതം.
സ്വപ്‌നത്തില്‍
രമിച്ചും സുഖിച്ചും
പുലര്‍വേളയില്‍,
ഒറ്റപ്പെടലിന്റെ
വേപഥു.
വസന്തത്തില്‍
ആരാമങ്ങള്‍
പൂത്തുല്ലസിക്കും
തേന്‍നുകര്‍ന്ന്
വണ്ടുകള്‍ 
മൂളിപ്പാടും
കുളിര്‍ക്കാറ്റ്
സുഗന്ധം
പടര്‍ത്തും
--------
കണ്ണെഴുതിയ
കരിമിഴിയും
പാദങ്ങളില്‍
കിലുങ്ങുന്ന
പാദസരത്തിന്‍
നാദവും
കാഴ്ചയ്ക്ക്
സായൂജ്യം
കേള്‍വിക്ക്
നിര്‍വൃതി
-------
ഒരോ യാത്രയും
സമാഗമത്തില്‍
ആനന്ദമാകുന്നു
കൂടിച്ചേരലും
വേര്‍പിരിയലും
വാക്കുകളില്‍
ഒതുങ്ങാതെ,
ഭാവനയില്‍
സങ്കല്പിക്കാന്‍
കഴിയാതെ,
രമ്യം സൗമ്യം ദീപ്തം
അനശ്വര അപൂര്‍വ്വ
നിമിഷബിന്ദുക്കള്‍.
സ്വര്‍ണ്ണത്തിന്റെ മാറ്റ്
തങ്കത്തിന്റെ തിളക്കം
വജ്രത്തിന്റെ കാഠിന്യം.
---------------------------












No comments:

Post a Comment