Sunday, September 9, 2012

അപ്രതീക്ഷിതങ്ങള്‍

അവളെ ഞാന്‍ കണ്ടു
അവളെ ഞാനറിഞ്ഞു
അത് ഇന്നല്ലയിന്നലയുമല്ല
പണ്ട്, പണ്ടെങ്ങെപ്പൊഴോ...
എന്റെ ജനനത്തിനും
ജനിമൃതകള്‍ക്കുമുമ്പെപ്പോഴോ
അന്ന്,
സൂര്യനസ്തമിക്കാത്ത പകലുകള്‍
പൂവുകള്‍ കൊഴിയാറില്ല
കാറ്റുനില്ക്കാറില്ല
സുഗന്ധം പരത്തുന്ന 
നറുമലരുകള്‍.
എന്നാല്‍,
ഞാനവളെ കണ്ടെതും
അറിഞ്ഞതും അനുഭവിച്ചതും
അവളറിഞ്ഞില്ല
എന്നെവിട്ട് അവളെങ്ങോ
പോയ്മറഞ്ഞു.
മലരുകള്‍ വാടിക്കരിഞ്ഞു.
പിന്നീട്,
ഞാനവളെ തേടിയലഞ്ഞു
മലകളും കുന്നുകളും താണ്ടി
ഏഴുകടലുംകടന്ന്
മരുഭൂവിലൂടെ.....
അവളെയെവിടെയും കണ്ടില്ല.
അവള്‍ പോയ രാത്രിയേത്
അവള്‍ പോയ വസന്തമേത്
പകലുംരാത്രിയും വന്നുപോയി.
ഋതുക്കള്‍ മാറിയുംമറിഞ്ഞും.
അവളെ ഞാന്‍ മറന്നില്ല.
അവളെ തേടുന്നു ഞാന്‍, 
ഇനിയും തേടാതിടങ്ങളില്‍.
അവള്‍ വരും: ഒരിക്കലെ
ന്നെയും തേടിയവളെ-
ത്തുമെന്ന പ്രതീക്ഷയില്‍,
രാവിനെ പകലാക്കി
കണ്ണിമചാരാതെ 
തുറന്നിരിക്കുന്നവള്‍ക്കായ്
പക്ഷെ,
എന്റെ പ്രതീക്ഷകള്‍ 
അസ്തമിക്കുന്നത്
ഞാനറിയുന്നു.
കരിഞ്ഞ പ്രതീക്ഷകള്‍
കണ്ണികകളെ തളര്‍ത്തി
വീണ്ടും ചുകന്നസൂര്യന്‍
അസ്തമിക്കുന്നു,
ഒരിക്കലും ഉദിക്കാതെ.
എന്റെ കണ്ണുകള്‍ അടഞ്ഞു,
ഒരിക്കലും തുറക്കാതെ!




No comments:

Post a Comment