Friday, September 14, 2012

ആസക്തി/ഏകനായി ഞാന്‍

ആസക്തി

ആസക്തിയോടും വിരക്തി
മാംസം മാംസത്തെ തേടുന്നു
മനസ്സ് ശരീരത്തില്‍ നിന്നകന്നു
ശരീരം വേഴ്ചയിലാറാടുന്നു
മനസ്സ് വെറും കാഴ്ചക്കാരന്‍
ശരീരത്തിന് ആനന്ദം 
അപൂര്‍ണ്ണതയിലും ആവോളം
മനസ്സിന് വിരസത
അതൃപ്തമാം മനസ്സ്
പഞ്ചേന്ദ്രിയങ്ങളും 
രമിക്കുന്നു ക്രീഡയില്‍ 
അപൂര്‍ണ്ണമാം അജീര്‍ണ്ണത
മനസ്സില്‍ ഭാവനാവിലാസം
യാഥാര്‍ത്ഥ്യബന്ധമില്ലാതെ
ഭാവന പൂര്‍ണ്ണചന്ദ്രനെപോല്‍ 
മനസ്സിന് ആസക്തിയില്ല
മനസ്സ് ആത്മീയമാണ്
ശരീരം ഭോഗമാണ്
ഭോഗാസക്തിയിലെ ആനന്ദം
ജീവിതത്തിലും ആസക്തി നുരയുന്നു
മരണം ആത്മീയഭാവമാണ്.

ഏകനായി ഞാന്‍

ഇവിടെ ഞാന്‍ തനിയെ
ഏകനായി ഏകാഗ്രചിത്തനായ്
ഞാന്‍ കരുതിവച്ച വളപ്പൊട്ടുകള്‍
മുത്തുമണികള്‍ ചിലങ്കകള്‍
ഓര്‍മകള്‍ക്ക് മറവി ബാധ
മനസ്സില്‍ അന്ധകാരം
എവിടെ അവള്‍
എന്റെ കൂടെ നടന്നവള്‍
പുറപ്പെടുമ്പോള്‍ 
എന്നോടൊത്തുപോന്നവള്‍
നിഴല്‍പോലെ പിന്തുടര്‍ന്നവള്‍
കുങ്കുമപ്പൊട്ടുതൊട്ട്
കരിമണിമാലയണിഞ്ഞ
എന്റെ കൂട്ടുകാരിയെവിടെ?
ശൂന്യമായ മനസ്സും
കൊട്ടിയടച്ച വാതിലും.
വഴിതെറ്റിയതോ
വഴിമാറി നടന്നതോ
കാലൊച്ചയില്ലാതെ
നഷ്ടപ്പെട്ട കാല്‍പ്പാടുകള്‍
പിന്നില്‍ മങ്ങിയവെളിച്ചവും
മുന്നില്‍ കട്ടപിടിച്ച ഇരുട്ടും.
പിന്നോക്കം വലിയുന്ന കാലുകള്‍.
നഷ്ടങ്ങള്‍ ഈടുവയ്ക്കാന്‍ 
ആരാന്റെ കണക്കുപുസ്തകം.
ഓര്‍മകള്‍ ഓളങ്ങളായി.
സ്വന്തം രൂപവും കോലവും 
താങ്ങി ഇനിയുമെത്രനാള്‍!



No comments:

Post a Comment