Sunday, September 16, 2012

കാലം

കാലം കടന്നുപോകുന്നു
നമുക്ക് മുമ്പേ ജനിച്ചവര്‍
നമുക്ക് പിമ്പേ ജനിച്ചവര്‍
പുതുജന്മം പുതുജീവിതം.
വിസ്മൃതരാവുന്ന നമ്മള്‍.
ചരിത്രം സൃഷ്ടിച്ചവര്‍
സ്മരണയില്‍ ജ്വലിക്കും
കാലത്തില്‍ വിളങ്ങും
നക്ഷത്രങ്ങളെപ്പോലെ
ഒളിമങ്ങാതെ ചിമ്മാതെ.
ഭൂമിയും ഗ്രഹങ്ങളും
സൂര്യനെചുറ്റും, പ്രവഞ്ചവും.
രാവും പകലും ഇഴചേര്‍ന്ന്
കണ്ണുകള്‍ ഉറങ്ങുന്നു
സ്വപ്‌നങ്ങളാല്‍ നിറഞ്ഞ്.
ആവര്‍ത്തിക്കുന്ന
വികാര വിക്ഷോപങ്ങള്‍
ജനനം സന്തോഷം
മരണം ദു:ഖവും
ആകാശവിതാനങ്ങളില്‍
പാറിപ്പറന്നുല്ലസിക്കും പക്ഷികള്‍ 
വിടര്‍ന്നുനില്‍ക്കും പുഷ്്പങ്ങള്‍ 
ഉദിച്ചസ്തമിക്കുന്ന സൂര്യതേജസ്സ് 
മഴ നനഞ്ഞുന്മാദിനി ഭൂമി
ആവര്‍ത്തനം വിരസം
വിരസമാക്കാത്ത ആവര്‍ത്തനങ്ങള്‍,
ഋതുക്കളുടെ ആരവം
വസന്തവും ഗ്രീഷ്മവും
ഹേമന്തവും വര്‍ഷവും.
കാലാതിദേശഭേദമില്ലാതെ.
ചരിത്രം കാലത്തിന് സാക്ഷി.
ഇന്നലെയും ഇന്നും നാളെയും
വേര്‍പ്പെടുത്താനാവാത്ത
പൊക്കിള്‍ക്കൊടിബന്ധമായി.
മാറാത്ത ചിന്തയും
മാറുന്ന പ്രയോഗവും.
മാറാത്ത അക്ഷരങ്ങള്‍
മാറുന്ന വാക്ചാതുര്യം.
കണ്ണില്‍ കോര്‍ത്തെടുത്ത
കാഴ്ചപിണ്ഡങ്ങള്‍.
ശരീരത്തെ വെടിഞ്ഞ,
സ്വതന്ത്രരാം ആത്മാക്കള്‍.
ആണിയില്‍ തറച്ച
വികാര-വിചാര-ചിത്രങ്ങള്‍.
ആകാശം ഭേദിച്ച്്
ബുദ്ധിരാക്ഷസ ലീലകള്‍
നിശ്ചല നിത്യ ബ്രഹ്മം!

No comments:

Post a Comment